ഗാസ – ഇസ്രായിലി ആക്രമണങ്ങളില്‍ പരിക്കേറ്റ കുട്ടികളെയും രോഗികളായ കുട്ടികളെയും ചികിത്സക്കായി ഗാസക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഈ കുട്ടികള്‍ മരണപ്പെടുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നൽകി. ഗാസയില്‍ 2,500 കുട്ടികള്‍ വളരെ ഗുരുതരാവസ്ഥയിലാണെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. നിലവിലെ രീതിയില്‍ ഇവരെ ചികിത്സക്കായി പുറത്തേക്ക് കൊണ്ടുപോകാന്‍ ഏഴു വര്‍ഷമെടുക്കും. മാരകമായ നിയന്ത്രണങ്ങളാല്‍ ബന്ദികളാക്കപ്പെട്ട കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
ശിരസ്സിലുള്ള ക്ഷതങ്ങള്‍, കൈകാലുകള്‍ മുറിഞ്ഞ് വേര്‍പ്പെടല്‍, ഭയാനകമായ പൊള്ളല്‍, ക്യാന്‍സര്‍ എന്നിവയാണ് കുട്ടികള്‍ക്ക് പ്രധാനമായും നേരിട്ടിരിക്കുന്നത്. നിലവിലെ അശ്രദ്ധമായ ബ്യൂറോക്രസിയുടെ കീഴില്‍ കുട്ടികള്‍ മരണപ്പെടുകയും ക്രൂരമായ വേദന സഹിക്കേണ്ടിവരികയും ചെയ്യുന്നു. ചികിത്സ ലഭിച്ചാല്‍ ഇവരെ രക്ഷിക്കാന്‍ കഴിയും. ചികിത്സക്കായി കുട്ടികളെ അടിയന്തിരമായി ഗാസക്ക് പുറത്തേക്ക് കൊണ്ടുപോകണമെന്നും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കണമെന്നും ജെയിംസ് എല്‍ഡര്‍ പറഞ്ഞു.
അതേസമയം, ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ അല്‍മനാറ, മഅന്‍, അല്‍മവാസി ഡിസ്ട്രിക്ടുകളില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 27 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി നാസിര്‍ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
രണ്ടാഴ്ചയായി ഇസ്രായില്‍ കടുത്ത ഉപരോധവും ആക്രമണവും തുടരുന്ന ഉത്തര ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇന്ന് ഇസ്രായില്‍ സൈന്യം അതിക്രമിച്ചു കയറി ജീവനക്കാരെയും രോഗികളെയും പുറത്താക്കുകയും ആശുപത്രിക്കകത്തു നിന്ന് ഡസന്‍ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും വസ്ത്രമഴിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ആശുപത്രി കോംപൗണ്ടില്‍ അര്‍ധനഗ്നരായി ഒരുമിച്ചുകൂട്ടിയ ഇവരെ ഇസ്രായിലി സൈന്യം എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് അറിവായിട്ടില്ല. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രിയാണിത്.