തെഹ്‌റാന്‍ – അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. അമേരിക്കയുമായി ഇടപെടുന്നതില്‍ ഇറാന് വളരെ കയ്‌പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അമേരിക്കയുമായുള്ള ചര്‍ച്ചകളെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ നടത്താന്‍ സമയമായിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിപ്രായങ്ങളും പിന്നീട് പുറത്തുവരും. മേഖലയിലെ എണ്ണ കയറ്റുമതിയിലെ മാന്ദ്യവും വിലക്കും ഇറാന്‍ കാരണമല്ല. മറിച്ച്, ഇസ്രായിലും അമേരിക്കയും ആരംഭിച്ച ആക്രമണങ്ങളുടെ ഫലമാണ്. ഇത് മുഴുവന്‍ മേഖലയെയും അരക്ഷിതാവസ്ഥയിലാക്കി. ഈ സാഹചര്യം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ എണ്ണ ടാങ്കറുകള്‍ ഭയപ്പെടാന്‍ കാരണമായിട്ടുണ്ട്. ഞങ്ങള്‍ കടലിടുക്ക് അടച്ചിട്ടില്ല. അതിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് ആരെയും ഞങ്ങള്‍ തടയുന്നില്ല. അമേരിക്കന്‍, ഇസ്രായിലി ആക്രമണങ്ങള്‍ ഇറാന് മാത്രമല്ല, മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അമേരിക്കയുമായുള്ള നയതന്ത്രത്തില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയില്ലെന്ന് ഇറാന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് തലവന്‍ കമാല്‍ ഖരാസി പറഞ്ഞു. യു.എസ് പ്രസിഡന്റ് മറ്റുള്ളവരെ വഞ്ചിക്കുകയും വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഇനി നയതന്ത്രത്തിന് ഇടമില്ലെന്ന് ഞാന്‍ കരുതുന്നു. അമേരിക്കയുമായി ദീര്‍ഘകാല യുദ്ധത്തിന് ഇറാന്‍ തയ്യാറാണെന്നും പകമാല്‍ ഖരാസി പറഞ്ഞു.
സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ അപകടങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ ശക്തമാകുന്നതിനിടെ, സൈനിക നടപടി കൂടുതല്‍ ആഴ്ചകള്‍ തുടരുമെന്ന് അമേരിക്കയും ഇസ്രായിലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാന്‍ സേനകള്‍, പ്രത്യേകിച്ച് റെവല്യൂഷണറി ഗാര്‍ഡ്, ആറ് മാസം നീണ്ടുനിന്നാലും ഏറ്റുമുട്ടല്‍ തുടരാനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചു.



