സൗദി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി
ന്യൂയോർക്ക് – ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആവര്‍ത്തിച്ച് ഭീഷണി മുഴക്കുന്നതിനിടെ, ഇറാനില്‍ അമേരിക്കയും ഇസ്രായിലും സംയുക്തമായി ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍, അതായത് മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക തങ്ങളോടൊപ്പം ചേരണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇറാനെതിരായ അമേരിക്കന്‍, ഇസ്രായില്‍ സംയുക്ത ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് കണക്കാക്കുന്നു. ഇറാനും ഇറാനുമായി സഖ്യത്തിലേര്‍പ്പെട്ട യെമനിലെ ഹൂത്തി വിമതര്‍ക്കുമെതിരായ ശക്തിപ്രകടനമായി അമേരിക്ക മധ്യപൗരസ്ത്യദേശത്ത് സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹൂത്തികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കുന്നതിനിടെ തങ്ങളുടെ സഖ്യകക്ഷിയായ ഹൂത്തികളെ കൈയൊഴിഞ്ഞ് യെമനില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇറാന്‍ ഉത്തരവിട്ടതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള നേരിട്ടുള്ള ഭീഷണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇറാന്‍ പ്രാദേശിക കൂട്ടാളികള്‍ക്കുള്ള പിന്തുണ കുറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പത്രം പറഞ്ഞു. ഇറാന്റെ ഇപ്പോഴത്തെ പ്രധാന ആശങ്ക ട്രംപിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. ഇറാന്‍ മുമ്പ് പിന്തുണച്ചിരുന്ന സായുധ ഗ്രൂപ്പുകളുടെ കാര്യങ്ങള്‍ വിശകലനം ചെയ്യാതെ ഇപ്പോള്‍ സുരക്ഷാ യോഗങ്ങള്‍ പൂര്‍ണമായും ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
മറ്റു ഗള്‍ഫ് നേതാക്കളുമായും ഇറാന്‍ പ്രസിഡന്റ് ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍സ്വബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് എന്നിവരുമായാണ് ഇറാന്‍ പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തിയത്. ഗാസയില്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുകയും വെസ്റ്റ് ബാങ്കിലും സിറിയയിലും ലെബനോനിലും ഇസ്രായില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയും ഈജിപ്തുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്.