തെഹ്‌റാന്‍ – മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, എണ്ണവില ബാരലിന് 200 ഡോളറിലെത്തുമെന്ന് ലോകത്തിന് ഇറാൻ മുന്നറിയിപ്പ് നൽകി. ചരക്കുകപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ആഗോള വിപണിയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണിത്. അമേരിക്കയും ഇസ്രായേലും തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ തുടരുകയാണ്. സംഘർഷം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിപണികൾക്ക് ഉറപ്പുനൽകുന്നുണ്ടെങ്കിലും നിലവിൽ സമാധാന ലക്ഷണങ്ങളൊന്നുമില്ല. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത് 1970-കൾക്ക് ശേഷമുള്ള ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്.
വിലക്കയറ്റം തടയാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ ശുപാർശപ്രകാരം കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ എണ്ണ പിൻവലിക്കാൻ അമേരിക്ക അംഗീകാരം നൽകി. എന്നിരുന്നാലും, ഹുർമുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സത്തിന് ഇത് പൂർണ്ണമായ പരിഹാരമാകില്ല. തങ്ങൾക്കെതിരെ ആക്രമണം നടത്തിയതിലൂടെ മേഖലയിലെ സുരക്ഷാ സാഹചര്യം മോശമായതാണ് വില വർധനയ്ക്ക് കാരണമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം ദുൽഫുഖാരി പറഞ്ഞു. ഇതിനോടകം 16 കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിക്കഴിഞ്ഞു. കൂടാതെ, അമേരിക്കയുമായോ ഇസ്രായേലുമായോ സഹകരിക്കുന്ന മേഖലയിലെ ബാങ്കുകളെ ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടം ഈ യുദ്ധത്തെ അതിജീവിക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ഇപ്പോൾ സ്വകാര്യമായി സമ്മതിക്കുന്നുണ്ടെങ്കിലും, അമേരിക്ക സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.



