തെഹ്റാന് – അമേരിക്കക്കും ഇസ്രായിലിനും പിന്തുണ പ്രകടിപ്പിച്ചാല്‍ വിദേശത്ത് താമസിക്കുന്ന ഇറാന് പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മറ്റ് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന് പ്രോസിക്യൂട്ടര്‍ ഓഫീസ് മുന്നറിയിപ്പ് നല്കി. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധത്തില്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടത് ആഘോഷിക്കാന്‍ ഇറാന് പ്രവാസികള്‍ യൂറോപ്യന്‍, അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളില്‍ ഇറങ്ങിയിരുന്നു. അമേരിക്കന്‍-സയണിസ്റ്റ് ശത്രുവിനോട് അനുഭാവം പുലര്‍ത്തുന്ന, പിന്തുണക്കുന്ന, ഏതെങ്കിലും വിധത്തില്‍ സഹകരിക്കുന്ന വിദേശത്ത് താമസിക്കുന്ന ഇറാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരക്കാരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കും. മറ്റ് നിയാനുസൃത ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.
ഭീഷണിയില്‍ ആശങ്കാകുലനല്ലെന്ന് ലണ്ടനിലെ കടയില്‍ ജോലി ചെയ്യുന്ന ഇറാന് പ്രവാസികളില്‍ ഒരാളായ മിയാം അഘഖാനി പറഞ്ഞു. വിദേശത്തുള്ള, പ്രവാസികളായ ഒരു ഇറാനിയും തങ്ങളെ കുറിച്ചോ, സ്വത്തിനെ കുറിച്ചോ, പണത്തെ കുറിച്ചോ യഥാര്‍ഥത്തില്‍ ആശങ്കാകുലരാകുമെന്ന് ഞാന്‍ കരുതുന്നില്ല. നിരായുധരായി, ഒന്നുമില്ലാതെ, സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് ആളുകള്‍ ഇറാനില്‍ തെരുവുകളിലിറങ്ങുമ്പോള് അവര്‍ വെടിയുണ്ടകള്‍ നേരിടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അതിനാല്‍, തന്റെ യുദ്ധവും പോരാട്ടവും ഒരു മടിയും കൂടാതെ തുടരുമെന്ന് മിയാം അഘഖാനി പറഞ്ഞു.
ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തെ പിന്തുണച്ചും ഇറാനിലെ പുരോഹിത ഭരണത്തെ വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്ത പ്രമുഖ ഇറാനി പ്രവാസികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ടെലിഗ്രാം ആപ്പില്‍ പുതുതായി സൃഷ്ടിച്ച ചാനലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമ്പത് ലക്ഷം ഇറാനികള്‍ വിദേശത്ത് താമസിക്കുന്നുണ്ടെന്ന് ഇറാന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസി ഇറാനികളില്‍ കൂടുതലും അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലുമാണ്. എന്നാല്‍ ലോക രാജ്യങ്ങളില്‍ ഒരു കോടി പ്രവാസി ഇറാനികളുള്ളതായി ഇറാന് മാധ്യമങ്ങള്‍ കണക്കാക്കുന്നു. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. ഇറാന് ജനത 40 വര്‍ഷത്തിലേറെയായി വ്യത്യസ്തമായ ഒരു സര്‍ക്കാര്‍ സംവിധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രണ്ടര മാസം മുമ്പ് സര്‍ക്കാര്‍ നിരവധി ഇറാനികളെ കൊന്നു – ലണ്ടനില്‍ ഡ്രൈ ക്ലീനറായ നാസര്‍ കീവാനി പറഞ്ഞു.



