ന്യൂയോര്‍ക്ക് – ബെയ്റൂത്തില്‍ നടന്ന ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീര്‍ സഈദ് ഇര്‍വാനി അറിയിച്ചു. മാര്‍ച്ച് 8 ഞായറാഴ്ച പുലര്‍ച്ചെ, ഇസ്രായില്‍ ഭരണകൂടം ബെയ്റൂത്തിലെ റമദ ഹോട്ടലില്‍ മനഃപൂര്‍വം ഭീകരാക്രമണം നടത്തി. അതിന്റെ ഫലമായി നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു – യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് എഴുതിയ കത്തില്‍ ഇര്‍വാനി പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ മധ്യ ബെയ്റൂത്തിലെ റമദ ഹോട്ടലിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. ലെബനീസ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇറാന്‍ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ആക്രമണം പുനരാരംഭിച്ച ശേഷം ബെയ്റൂത്തിന്റെ ഹൃദയഭാഗം ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഇസ്രായിലി ആക്രമണമാണിത്. ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് എലൈറ്റ് യൂണിറ്റായ ഖുദ്സ് ഫോഴ്സിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടെങ്കിലും അവരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. ഖുദ്സ് ഫോഴ്സിന്റെ ലെബനോനിലെ കമാന്‍ഡര്‍മാര്‍ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ലെബനോന്‍ പ്രദേശത്തിനുള്ളില്‍ നിന്ന് ഇസ്രായില്‍ രാജ്യത്തിനും അതിന്റെ പൗരന്മാര്‍ക്കും എതിരെ ഭീകരവാദ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ അവകാശപ്പെട്ടു.



