ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ ലാന്റ് ചെയ്യുന്നതിൽ പ്രശ്നമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി. കനത്ത മൂടൽമഞ്ഞ് കാരണം വ്യോമമാർഗം വഴിയുള്ളള രക്ഷാപ്രവർത്തനം സാധ്യമല്ല. രക്ഷാപ്രവർത്തനങ്ങൾക്ക് സമയമെടുക്കും. പർവതങ്ങളും അപകടമേഖലയിലെ വനങ്ങളുടെ സാന്നിധ്യവും തിരച്ചിലിനെ സങ്കീർണ്ണമാക്കുന്നു.പ്രതികൂല കാലാവസ്ഥയിലാണ് ഹെലികോപ്റ്റർ ലാന്റ് ചെയ്തത്. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പ്രദേശത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഇന്ന് (ഞായർ) അറിയിച്ചു. ഹെലികോപ്റ്ററിനകത്തുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് ഇനിയും വ്യക്തമല്ല. രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും ഇറാൻ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.
ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, തബ്രിസ് മൊഹമ്മദി അലി അൽ ഹാഷിമിൻ്റെ ഫ്രൈഡേ ഇമാം, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലെക് റഹ്മതി എന്നിവരും ഇറാൻ പ്രസിഡൻ്റിനെ ഹെലികോപ്റ്ററിൽ അനുഗമിക്കുന്നുണ്ടായിരുന്നു.
അപകടത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ഇറാൻ അധികൃതർ നൽകിയിട്ടില്ല. ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റെയ്‌സി. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ സംസ്ഥാനത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജുൽഫ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.