തെല്‍അവീവ് – ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. തെല്‍അവീവിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി പോലീസ് അറിയിച്ചതിനു പിന്നാലെയാണ് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആംബുലന്‍സ് സര്‍വീസ് അറിയിച്ചത്. സാരമായി തകര്‍ന്ന ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ഞങ്ങള്‍ കണ്ടു. കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ന്നു – മാഗന്‍ ഡേവിഡ് അഡോം പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍, രണ്ട് പേരെ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തി.എന്നാൽ, സംഭവസ്ഥലത്ത് തന്നെ രണ്ടു പേരും മരിച്ചതായി പാരാമെഡിക്കുകള്‍ പ്രഖ്യാപിച്ചതായി മാഗന്‍ ഡേവിഡ് അഡോം കൂട്ടിച്ചേര്‍ത്തു.
ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് തെല്‍അവീവിലെ സാവിഡോര്‍ സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷന് ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ട്രെയിന്‍ സ്റ്റേഷനുള്ളിലെ നാശനഷ്ടങ്ങള്‍ വീഡിയോയില്‍ കാണാം. ഇറാന്‍ സമീപകാല ആക്രമണങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉപയോഗിച്ചതായി ഇസ്രായില്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു.
ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഇസ്രായിലില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തുവന്നു. യുദ്ധോപകരണങ്ങള്‍ വായുവില്‍ പൊട്ടിത്തെറിക്കുകയും ഡസന്‍ കണക്കിന് ചെറിയ ബോംബുകള്‍ വിശാലമായ പ്രദേശത്ത് ചിതറുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നു. വലിയ പ്രദേശങ്ങളെ ബാധിക്കും എന്നത് കൊണ്ട് ഇവക്ക് അപകടസാധ്യത കൂടുതലാണ്.
https://twitter.com/i/status/2034044593432330574
https://twitter.com/i/status/2034045381898592686



