തെഹ്റാന് – തെഹ്റാനു സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയും ബാസിജ് കമാൻഡർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും നിർണായകമായ തിരിച്ചടികളിലൊന്നാണ് ഈ ആക്രമണം. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ ഇരുവരുടെയും മരണത്തെക്കുറിച്ച് മൗനം പാലിച്ച ഇറാൻ, ലാരിജാനിയുടെയും സുലൈമാനിയുടെയും കൈയെഴുത്ത് കത്തുകൾ പ്രസിദ്ധീകരിച്ച് ജനശ്രദ്ധ തിരിക്കാൻ ശ്രമിച്ചിരുന്നു. ലാരിജാനിയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ അഭാവം നികത്താൻ പ്രയാസമാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്റെ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ഇറാനിലെ ശക്തരായ നേതാക്കളെ വധിച്ച വിവരം ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് ആണ് ആദ്യം പുറത്തുവിട്ടത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാരിജാനി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഇസ്രായേൽ വ്യോമസേന നേരിട്ട് ബോംബുകൾ വർഷിക്കുകയായിരുന്നു. ഇറാന്റെ ഭരണസംവിധാനത്തെ തകർക്കാനും അധികാര ഘടനയെ ദുർബലപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ലാരിജാനിയെ ലക്ഷ്യം വെച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായേലിന് ഭീഷണി ഉയർത്തുന്ന ആരെയും തങ്ങൾ വെറുതെ വിടില്ലെന്നും, പുതിയ നേതാവായ മുജ്തബ ഖാംനഇയെയും തങ്ങൾ പിന്തുടരുമെന്നും ഇസ്രായേൽ സൈനിക വക്താവ് എഫി ഡെഫ്രിൻ മുന്നറിയിപ്പ് നൽകി.
വളരെ ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് ഇസ്രായേൽ ലാരിജാനിയുടെ ഒളിത്താവളം കണ്ടെത്തിയത്. തെഹ്റാനിലെ തെരുവുകളിൽ ലാരിജാനിക്ക് തൊട്ടുപിന്നാലെ നടന്ന് നിരീക്ഷണം നടത്തിയ ഒരു ഇസ്രായേൽ ചാരന്റെ ചിത്രം നെതന്യാഹുവിന്റെ മുൻ വക്താവ് ഡേവിഡ് കീസ് പുറത്തുവിട്ടു. ഖുദ്സ് ദിനാചരണത്തിനിടെ എടുത്ത ഈ ചിത്രത്തിൽ മുഖം മറച്ച നിലയിലാണ് ഈ ചാരനെ കാണുന്നത്. ഇത്തരത്തിൽ അതിശക്തമായ ചാരശൃംഖല വഴിയാണ് ലാരിജാനിയുടെ ഓരോ നീക്കങ്ങളും ഇസ്രായേൽ മനസ്സിലാക്കിയത്. പുലർച്ചെ 1:50 ഓടെ നടന്ന കൃത്യമായ വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് തകർത്തത്.
രാജ്യത്ത് ചാരപ്രവർത്തനം ശക്തമായ സാഹചര്യത്തിൽ ഇറാൻ സുരക്ഷാ ഏജൻസികൾ കർശനമായ പരിശോധനകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നൂറുകണക്കിന് സ്റ്റാർലിങ്ക് ആശയവിനിമയ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരപ്പണി ചെയ്ത പത്തോളം പേരെ ഖൊറാസൻ റസാവിയിൽ നിന്നും, അമേരിക്കയുമായും ഇസ്രായേലുമായും സഹകരിച്ച 55 പേരെ തെക്കൻ ഇറാനിൽ നിന്നും റെവല്യൂഷണറി ഗാർഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പലരും സൈനികവും സാമ്പത്തികവുമായ സുപ്രധാന വിവരങ്ങൾ ശത്രുക്കൾക്ക് ചോർത്തി നൽകിയവരാണെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.



