ലണ്ടൻ– മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനിടെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ തകർന്ന തങ്ങളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ പൂർണ്ണസ്ഥിതിയിലാക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ അറിയിച്ചു. ബഹ്‌റൈനിലെയും യു.എ.ഇയിലെയും ഡാറ്റാ സെന്ററുകളെയാണ് മാർച്ചിലുണ്ടായ ആക്രമണം പ്രധാനമായും ബാധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാക്കളായ ആമസോൺ വെബ് സർവീസസിന്റെ (AWS) പ്രവർത്തനം തടസ്സപ്പെട്ടത് മേഖലയിലെ നിരവധി സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലഭ്യമായ ഡാറ്റ മറ്റ് മേഖലകളിലേക്ക് മാറ്റാനും ബാക്കപ്പുകളിൽ നിന്ന് വിവരങ്ങൾ എത്രയും വേഗം വീണ്ടെടുക്കാനും ആമസോൺ നിർദ്ദേശം നൽകിയിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ്, ബി.എം.ഡബ്ല്യു, ഫൈസർ തുടങ്ങിയ ആഗോള കമ്പനികളും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും മാധ്യമ ഗ്രൂപ്പുകളും ആമസോണിന്റെ ക്ലൗഡ് സേവനം ഉപയോഗിക്കുന്നവരിൽ ഉൾപ്പെടുന്നു. ആമസോൺ ഗ്രൂപ്പിന് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന വിഭാഗമാണ് എ.ഡബ്ല്യു.എസ് എന്നത് കൊണ്ട് തന്നെ ഈ തടസ്സം സാമ്പത്തികമായും വലിയ ആഘാതമാണ്. ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം യു.എ.ഇയിലെയും ബഹ്‌റൈനിലെയും 31 പ്രധാന സേവനങ്ങളെ ഈ ആക്രമണം ബാധിച്ചതായി കമ്പനിയുടെ സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു.
മാർച്ച് ആദ്യം മുതൽ ഈ സേവനങ്ങളിൽ പലതും മുടങ്ങിയ നിലയിലാണ്. ഡാറ്റാ സെന്ററുകൾക്കുണ്ടായ കനത്ത നാശനഷ്ടങ്ങൾ കണക്കിലെടുത്ത് മേഖലയിലെ ബില്ലിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും ആമസോൺ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യം സാങ്കേതിക മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവായി ഈ സംഭവം മാറിയിരിക്കുകയാണ്. നിലവിലെ പ്രവർത്തന പ്രശ്നങ്ങൾ മാർച്ച് മാസത്തിലുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണെന്ന് ആമസോൺ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.



