മസ്കത്: ഒമാന്റെ ശൂറാ കൗൺസിൽ വ്യക്തിഗത വരുമാന നികുതി സംബന്ധിച്ച കരട് നിയമം സ്റ്റേറ്റ് കൗൺസിലിലേക്ക് കൈമാറിയതായി ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യക്തിഗത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. നിയമം പാസാകുന്നതിലൂടെ, വ്യക്തിഗത വരുമാന നികുതി ജി.സി.സി മേഖലയിൽ ആദ്യമായി നടപ്പാക്കുന്ന രാജ്യമായി ഒമാൻ മാറും. ഉയർന്ന വരുമാനമുള്ള വിദേശ തൊഴിലാളികളെയും സമ്പന്നരായ ഒമാനി പൗരന്മാരെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ഒമാനി പൗരന്മാർക്ക് വാർഷിക വരുമാനം ഒരു ദശലക്ഷം ഡോളർ കവിയുന്ന സമയത്തും വിദേശ പൗരന്മാർക്ക് ഓമാനിൽ നിന്നുള്ള വരുമാനത്തിൽ 100,000 ഡോളർ കവിയുന്ന സമയത്തും നികുതി പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ.
വിദേശ പൗരന്മാർക്കുള്ള പ്രതീക്ഷിക്കുന്ന നികുതി നിരക്ക് 5 ശതമാനവും 9 ശതമാനവും ഒമാനി പൗരന്മാർക്ക് 5 ശതമാനവും ആയിരിക്കും നികുതി നിരക്ക്. കൃത്യമായ നിരക്കുകളും കൂടുതൽ വിശദാംശങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ല. ഈ വർഷത്തോടെ ഈ നികുതിയിൽ തീരുമാനം എടുക്കാനും 2025 ജനുവരിയിൽ നടപ്പാക്കാനുമാണൂ ആലോചന.
2020-ൽ ഒമാൻ 2 ബില്യൺ ഡോളർ ബാഹ്യ ധനസഹായം സമാഹരിച്ചപ്പോൾ രാജ്യത്തിന്റെ ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു ബോണ്ട് പ്രോസ്പെക്ടസിൽ ഉയർന്ന വരുമാനക്കാരിൽ നിന്ന് വരുമാന നികുതി ചുമത്താനുള്ള പദ്ധതി പരാമർശിച്ചിരുന്നു. ഈ പ്രോസ്പെക്ടസിൽ സർക്കാർ, ഹൈഡ്രോകാർബൺ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 5 ശതമാനം വാറ്റും അതോടൊപ്പം ഉയർന്ന വരുമാനക്കാർക്കുള്ള വരുമാന നികുതി പരിചയപ്പെടുത്തുക എന്നും രേഖപ്പെടുത്തിയിരുന്നു.
ഒമാന്റെ വിഷൻ 2040-ന്റെ ഭാഗമായി വരുമാന സ്രോതസുകൾ വൈവിധ്യമാക്കുകയും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നതിൽ കുറക്കുകയും ചെയ്യുക എന്നതിലേക്കു വേണ്ടിയാണ് ഈ നികുതി കൊണ്ട് വരുന്നത്.