ന്യൂദൽഹി- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ നടപടിക്രമത്തിൽ നിർണായക മുന്നേറ്റം. യെമനിൽ കൂടിയാലോചനക്ക് ആവശ്യമായ പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി കൂടിയാലോചന നടത്തുന്നതിന് ആവശ്യമായ ചെലവിലേക്കുള്ള നാൽപതിനായിരം ഡോളർ സ്വീകരിക്കാനാണ് ഇന്ത്യൻ എംബസിക്ക് അധികാരം നൽകിയത്.
ദിയാധനം സംബന്ധിച്ച കൂടിയാലോചന പ്രക്രിയയ്ക്കായി, എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000/- ഡോളർ കൈമാറാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രേമകുമാരി അപേക്ഷ നൽകിയിരുന്നു. ഇതു പരിഗണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പണം സ്വീകരിക്കാൻ അനുമതി നൽകിയത്.
വിദേശകാര്യമന്ത്രാലയത്തിന്റെ ദൽഹിയിലെ ബാങ്ക് എക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷം യെമനിലെ സൻആയിലുള്ള ഇന്ത്യൻ എംബസിയുടെ എക്കൗണ്ടിലേക്ക് പണം കൈമാറും. പിന്നീട് എംബസി അഭിഭാഷകൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ട്രാൻസ്ഫർ ചെയ്യുമെന്നും സൻആയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവയിൽ വ്യക്തമാക്കി.