ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹരാരെയില്‍ നടന്ന നാലാം ട്വന്റി-20യില്‍ ജയിച്ചതോടെ 3-1ന് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. 53 പന്തില്‍ 93 റണ്‍സ് നേടി പുറത്താവാതെ നിന്ന യശ്വസി ജയ്‌സ്വാളും 39 പന്തില്‍ 58 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. 13 ഫോറും രണ്ട് സിക്‌സുമടങ്ങിയതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.
152 റണ്‍സിന്റെ ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍മാര്‍ ഇരുവരും ഫോം കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാവുകയായിരുന്നു. 15.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം പിന്തുടര്‍ന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 28 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വെസ്‌ലി മാഥവരെയും(25), റ്റഡിവനാഷെ മരുമനിയും(32) തിളങ്ങി. ആതിഥേയര്‍ക്കെതിരേ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. പവര്‍പ്ലേയില്‍ 44 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു വിക്കറ്റുപോലും വീഴ്ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. 63 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ സിംബാബ്‌വെയ്ക്കു വേണ്ടി മാഥവരെയും മരുമനിയും കൂട്ടിച്ചേര്‍ത്തത്. അഭിഷേക് ശര്‍മയെറിഞ്ഞ ഒന്‍പതാം ഓവറില്‍ മരുമനി പുറത്തായി. 31 പന്തില്‍ 32 റണ്‍സെടുത്ത താരത്തെ റിങ്കു സിങ് ക്യാച്ചെടുക്കുകയായിരുന്നു.
ശിവം ദുബെയുടെ പന്തില്‍ റിങ്കു സിങ്ങിന്റെ ക്യാച്ചില്‍ വെസ്‌ലി മാഥവരെയും (24 പന്തില്‍ 25) ഔട്ടായി. ബ്രയാന്‍ ബെന്നറ്റിനെ വാഷിങ്ടന്‍ സുന്ദര്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി. ജൊനാഥന്‍ കാംബെല്‍ (മൂന്ന് പന്തില്‍ മൂന്ന്) മടങ്ങിയതോടെ സിംബാബ്‌വെ വിയര്‍ക്കാന്‍ തുടങ്ങി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ നടത്തിയ പ്രതിരോധത്തിലാണ് 15.2 ഓവറില്‍ സിംബാബ്‌വെ 100 കടന്നത്.
സിംബാബ്‌വെ ക്യാപ്റ്റനെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച തുഷാര്‍ ദേശ്പാണ്ഡെയാണു പുറത്താക്കിയത്. ഡിയോണ്‍ മയഴ്‌സ് 13 പന്തില്‍ 12 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും തുഷാര്‍ ദേശ്പാണ്ഡെ, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെ അട്ടിമറി ജയം നേടിയപ്പോള്‍, രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര തിരിച്ചുപിടിച്ചത്. പരമ്പരയിലെ അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയില്‍ നടക്കും.