ജൊഹന്നാസ് ബർഗ്- ഒരിക്കൽ കൂടി മലയാളി താരം സഞ്ജു സാംസണു തിലക് വർമ്മയും നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്ത് ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി. പുറത്താകാതെ സഞ്ജുവും തിലക് വർമ്മയും നേടിയ സെഞ്ചുറിയും അഭിഷേകിന്റെ മുപ്പത്തിയാറ് റൺസുമായപ്പോൾ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഉയർത്തിയത് 283 റൺസായിരുന്നു. (തിലക് 120, സാംസൺ 109) മറുപടി ബാറ്റിംഗിന് എത്തിയ ആതിഥേയർക്ക് 148 റൺസ് മാത്രമേ നേടാനായുള്ളൂ.
മറ്റൊന്നും പരിഗണിക്കുന്നേയില്ല എന്ന വിധത്തിലായിരുന്നു സഞ്ജുവും തിലക് വർമ്മയും ദക്ഷിണാഫ്രിക്കൻ നിരയെ അടിച്ചു തകർത്തത്. യഥാക്രമം ഡർബനിലും സെഞ്ചൂറിയനിലും ഓരോ സെഞ്ച്വറി നേടിയ ഇരുവരും ജോഹന്നാസ്ബർഗിൽ ഒരു ജോടി സെഞ്ചുറികൾ അടിച്ച് റെക്കോർഡിട്ടു. 2024 ൽ ഇന്ത്യയുടെ അഞ്ചാമത്തെ ഉഭയകക്ഷി പരമ്പര വിജയമാണിത്.
ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറാണിത്. ട്വന്റി20 കളിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോറും. (ട്വന്റി20യിൽ ഇന്ത്യ ഏറ്റവും വലിയ സ്കോർ, ബംഗ്ലാദേശിനെതിരെ നേടി ഒരു മാസം മൂന്നു ദിവസവും കഴിഞ്ഞാണ് ഇന്ത്യ പുതിയ നേട്ടം കൈവരിക്കുന്നത്.) ഒരേ ഇന്നിംഗ്‌സിൽ രണ്ട് വ്യക്തിഗത സെഞ്ച്വറികൾ നേടുന്ന ആദ്യത്തെ ടീമായി ഇന്ത്യ മാറി. ഒരേ പരമ്പരയിൽ നാല് സെഞ്ചുറികൾ നേടിയ ഏക ടീമും ഇന്ത്യയാണ്. ടി20യിൽ 24-2 എന്ന അമ്പരപ്പിക്കുന്ന റെക്കോർഡോടെയാണ് ഇന്ത്യ 2024 പൂർത്തിയാക്കുന്നത്