ന്യൂദൽഹി: ചൈനയിൽ റിപ്പോർട്ട് ചെയ്ത വൈറസ് (എച്ച്.എം.പി.വി) വ്യാപന കേസുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് ഇന്ത്യയുടെ സംയുക്ത നിരീക്ഷണ സമിതി അറിയിച്ചു. ദൽഹിയിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) അധ്യക്ഷനായുള്ള യോഗത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടന, ദുരന്ത നിവാരണ വിഭാഗം, ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്ലൻസ് പ്രോഗ്രാം , നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, അടിയന്തര മെഡിക്കൽ സഹായ വിഭാഗം, എയിംസ് ദൽഹി ഉൾപ്പെടെയുള്ള ആശുപത്രികളുടെ വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു.
ചൈനയിൽ രോഗം വർദ്ധിച്ചുവരുന്നത് സീസണൽ പകർച്ചവ്യാധികളുടെ കാലത്തുണ്ടാകുന്ന പതിവ് പ്രതിഭാസമാണെന്നും സർക്കാർ വ്യക്തമാക്കി. പ്രസ്തുത സാഹചര്യം നിരീക്ഷിക്കാനായി സർക്കാർ എല്ലാ ലഭ്യമായ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ചൈനയിലെ അവസ്ഥ സംബന്ധിച്ച വിവരം ലോകാരോഗ്യ സംഘടന നൽകുമെന്നും ഇന്ത്യ അറിയിച്ചു.
ഇൻഫ്ലൂവൻസ പോലുള്ള രോഗലക്ഷണങ്ങൾ, ഗുരുതര ശ്വാസകോശ ബാധകൾ എന്നിവ നിരീക്ഷിക്കാനുള്ള ശക്തമായ സംവിധാനം ഇന്ത്യയിൽ നിലവിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ലഭ്യമായ ഡാറ്റ പ്രകാരം രോഗബാധയുടെ അസാധാരണമായ വർദ്ധനവില്ല. സീസണൽ വ്യത്യാസമല്ലാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആർ, എച്ച്.എം.പി.വി പരിശോധന നടത്തുന്ന ലബോറട്ടറികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണം. എച്ച്.എം.പി.വി വൈറസ് വ്യാപനത്തെക്കുറിച്ച് ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. വൈറസിന് പ്രത്യേകമായ ആന്റിവൈറൽ ചികിത്സയില്ലാത്തതിനാൽ രോഗം പടരുന്നത് തടയാനുള്ള മുൻകരുതൽ പ്രാധാന്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സാധാരണ കോമൺ കോൾഡ് പോലുള്ള ഒരു ശ്വാസകോശ രോഗമാണ് ചൈനയിലേതെന്നും ഡോ. അതുൽ ഗോയൽ പറഞ്ഞു. ശ്വാസകോശ രോഗവ്യാപനത്തിന്റെ ഡാറ്റയെ വിശകലനം ചെയ്തപ്പോൾ 2024 ഡിസംബറിൽ ലഭ്യമായ ഡാറ്റയേക്കാൾ വലുതായ ഒന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്ത് ശ്വാസകോശ രോഗങ്ങളുടെ വ്യാപനം സാധാരണമാണ്. ഇതിനായി ആശുപത്രികൾ നേരത്തെ തന്നെ ആവശ്യമായ സജ്ജീകരണങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡോ. ഗോയൽ പറഞ്ഞു.
ചൈനയിൽ പുതിയ വൈറസ് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. വടക്കൻ പ്രവിശ്യകളിലെ ചില സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അണുബാധ സാധാരണ പടരാറുള്ളതാണെന്നും ചൈന അറിയിച്ചു. ശൈത്യകാലത്ത് ഇത്തരം അണുബാധകൾ സാധാരണമാണെന്നും ചൈന അറിയിച്ചു. വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) എന്നാണ് വൈറസിനെ വിളിക്കുന്നത്. ഇത് സാധാരണയായി നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു സാധാരണ ശ്വസന വൈറസാണ്. ചൈനയിൽ ഒരു തരത്തിലുള്ള വൈറസ് ബാധകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, ഇത് ഒരു പുതിയ മഹാമാരിയുടെ സൂചനകളല്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അത്രയും രോഗബാധ ഇക്കുറിയില്ലെന്നും ചൈനീസ് അധികൃതർ അറിയിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് രോഗങ്ങളുടെ തീവ്രത കുറവാണെന്നും ചെറിയ തോതിൽ പടരുന്നതായും അവർ കൂട്ടിച്ചേർത്തു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.