ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശക്തമായ പ്രകടനം ആവർത്തിച്ച് ഇന്ത്യാ മുന്നണി. ഏഴു സംസ്ഥാന നിയമസഭകളിലെ പതിമൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും ഇന്ത്യാ മുന്നണി വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പശ്ചിമ ബംഗാളിൽ ടി.എം.സി മത്സരിച്ച നാല് സീറ്റുകളും പിടിച്ചെടുത്ത് ആധിപത്യം പ്രകടിപ്പിച്ചു.
ഹിമാചലിലെ ഡെഹ്‌റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ വിജയം ഉറപ്പിച്ചു. നലഗഡ് സീറ്റിൽ കോൺഗ്രസ് വിജയിച്ചു. അതേസമയം ഹമീർപൂരിൽ ബിജെപി വിജയിച്ചു. സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുന്നവർക്ക് തക്ക മറുപടിയാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ നൽകിയതെന്ന് വിജയത്തിന് ശേഷം മുഖ്യമന്ത്രി സുഖു പറഞ്ഞു.
“2022-ൽ ഹിമാചലിലെ ജനങ്ങൾ ഞങ്ങൾക്ക് 40 സീറ്റുകൾ നൽകി. സംസ്ഥാന രാഷ്ട്രീയത്തിൽ മുമ്പ് നടന്ന ഇത്തരം വേട്ടയാടലുകൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയിട്ടുണ്ട്,” സുഖു പറഞ്ഞു. ബിഹാറിലെ പുർണിയയിലെ റുപൗലി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് ജെഡിയുവിൻ്റെ കലാധർ പ്രസാദ് മണ്ഡലിനെ 8,246 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.