ന്യൂദൽഹി- ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസിലാൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. അടുത്ത ചൊവ്വാഴ്ച ഓസീസിനെയാണ് ഇന്ത്യ സെമിയിൽ നേരിടകു. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലേക്ക് പ്രവേശിച്ചത്.
കെയ്ൻ വില്യംസൺ മാത്രമാണ് കിവീസ് നിരയിൽ പൊരുതി നോക്കിയത്. 120 പന്തിൽ നിന്ന് ഏഴു ബൗണ്ടറിയടക്കം വില്യംസൺ 81 റൺസെടുത്തു. രചിൻ രവീന്ദ്ര (6), വിൽ യങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാഥം (14), ഗ്ലെൻ ഫിലിപ്‌സ് (12), മൈക്കൽ ബ്രേസ്‌വെൽ (2) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. 10 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിരുന്നു. 98 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ, രോഹിത് ശർമ, കോഹ്ലി എന്നിവർ ഇന്ന് തിളങ്ങിയിരുന്നില്ല. അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ന്യൂസിലൻഡാണ്. ലാഹോറിലാണ് രണ്ടാം സെമി. ഇന്ത്യ-ഓസീസ് മത്സരം ദുബായിലാണ്.