പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്. 0-1ന്റെ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് ഹര്‍മന്‍പ്രീത് ടീമിനു സമനില സമ്മാനിച്ചത്.
ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യയുടെ ഹീറോയാവാന്‍ ഹര്‍മന്‍പ്രീതിനായിരുന്നു. അന്നു മല്‍സരം 2-2നു സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് നിശ്ചിത സമയം തീരുന്നതിനു രണ്ടു മിനിറ്റ് മാത്രം മുമ്പ് ഹര്‍മന്‍പ്രീതിന്റെ ഗോളില്‍ ഇന്ത്യ 3-2ന്റെ ത്രില്ലിങ് ജയം കൈക്കലാക്കിയത്. അര്‍ജന്റീനയ്ക്കെതിരേ ഒരിക്കല്‍ക്കൂട് അദ്ദേഹം ടീമിനെ രക്ഷിക്കുകയായിരുന്നു.
അവസാന മിനിറ്റുകളില്‍ ഇന്ത്യക്കു തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിരുന്നു. ഇവയിലൊന്നാണ് ഹര്‍മന്‍പ്രീത് ഗോളാക്കി മാറ്റിയെടുത്തത്. രണ്ടാം ക്വാര്‍ട്ടറിലാണ് അര്‍ജന്റീന കളിയില്‍ അക്കൗണ്ട് തുറന്നത്. ലൂക്കാസ് മാര്‍ട്ടിനസിന്റെ ഫീല്‍ഡ് ഗോള്‍ അവരെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ വീറോടെ പോരാടിയ ഇന്ത്യ 59ാം മിനിറ്റില്‍ സമനിലയും വിലപ്പെട്ട ഒരു പോയിന്റും സ്വന്തമാക്കുകയായിരുന്നു.
ഹോക്കിയില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. മുമ്പ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കെതിരേ ഇന്ത്യ സമനില നേടിയത് 2004ലായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം നാളെ അയര്‍ലാന്‍ഡുമായിട്ടാണ്.
അര്‍ജന്റീനയ്ക്കെതിരേ തുടക്കം മുതല്‍ വളരെ അഗ്രസീവായ ഗെയിമാണ് ഇന്ത്യ പുറത്തെടുത്തത്. എങ്കിലും അര്‍ജന്റീനയ്ക്കായിരുന്നു കളിയില്‍ മേധാവിത്വം. കളിയിലെ ആദ്യത്തെ ഗോള്‍ശ്രമം നടത്തിയതും അവര്‍ തന്നെയായിരുന്നു. തുടക്കത്തില്‍ ലീഡ് നേടിയ ശേഷം അതു പ്രതിരോധിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. 10ാം മിനിറ്റില്‍ ഇന്ത്യക്കു അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇതു ഗോളാക്കി മാറ്റാനായില്ല.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കം, 19ാം മിനിറ്റില്‍ വീണ്ടുമൊരു പെനല്‍റ്റി കോര്‍ണറും ലഭിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഹര്‍മന്‍പ്രീതിന്റെ കരുത്തുറ്റ ഡ്രാഗ് ഫ്ളിക്ക് അര്‍ജന്റീനയുടെ സാന്റിയാഗോ ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ മല്‍സരഗതിക്കു വിപരീതമായി 30ാം മിനിറ്റില്‍ ലൂക്കാസിന്റെ ഗോള്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പറും മലയാളി താരവുമായ പിഎആര്‍ ശ്രീജേഷിന്റെ ദേഹത്തു തട്ടിയാണ് ബോള്‍ വലയില്‍ കയറിയത്.