ജിദ്ദ – അര്‍ഹരായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സാമൂഹിക പരിപാടികള്‍ നടപ്പിലാക്കുന്നതിനോടും വേതനയിനത്തിലെ ചെലുകള്‍ നിയന്ത്രിക്കുന്നതോടുമൊപ്പം സൗദി അറേബ്യ ഇന്ധന സബ്‌സിഡി ക്രമാനുഗതമായി പൂര്‍ണമായും ഇല്ലാതാക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. നിക്ഷേപ ധനവിനിയോഗ മുന്‍ഗണന പുനര്‍നിര്‍ണയിക്കാനുള്ള സൗദി സര്‍ക്കാറിന്റെ നീക്കത്തിന് അന്താരാഷ്ട്ര നാണയനിധി പിന്തുണ അറിയിച്ചു.
അടുത്ത കൊല്ലം സൗദി അറേബ്യ 4.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. ആഗോള വിപണിയിലെ വിലയിടിച്ചില്‍ തടയാന്‍ ശ്രമിച്ച് എണ്ണയുല്‍പാദനത്തില്‍ വരുത്തിയ കുറവ് ക്രമാനുഗതമായി ഇല്ലാതാക്കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കും. രാജ്യം സാക്ഷ്യം വഹിക്കുന്ന അഭൂതപൂര്‍വമായ സാമ്പത്തിക പരിവര്‍ത്തനത്തില്‍ വമ്പിച്ച പുരോഗതിക്ക് ചാലശക്തിയായ എണ്ണയിതര മേഖലകളുടെ വളര്‍ച്ച പ്രശംസനീയമാണ്. പെട്രോളിതര മേഖല ശരാശരി 4.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം 1.6 ശതമാനമായി മന്ദീഭവിച്ചത് പ്രശംസനീയമാണെന്നും അന്താരാഷ്ട്ര നാണയനിധി പറഞ്ഞു.