ജിദ്ദ – ജിദ്ദ നഗരസഭക്കു കീഴിലെ അബ്ഹുര്‍ ബലദിയ പരിധിയില്‍ പെട്ട നോര്‍ത്ത് അബ്ഹുറില്‍ കടലോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. ഇവിടെ പത്തിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങളും ഷെഡുകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി സ്ഥലങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു. ആകെ 1,26,185 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കഴിഞ്ഞ ദിവസം വീണ്ടെടുത്തത്. കെട്ടിട അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത ശേഷം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ജിദ്ദ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നില്‍ ഇവിടം തുറന്നുകൊടുക്കും.
കടലോരം കൈയേറി ബീച്ചിന്റെ കാഴ്ച മറക്കുന്ന നിലക്ക് നിര്‍മിച്ച ഷെഡുകളും കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കാനും പൊതുമുതല്‍ സംരക്ഷിക്കാനും നിയമ ലംഘകര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ജിദ്ദ നഗരസഭ പറഞ്ഞു. ജിദ്ദയിലെങ്ങും കൈയേറ്റങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ നിരീക്ഷണം തുടരുമെന്നും നഗരസഭ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കിടെ കടലോരത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് 12 ലക്ഷത്തിലേറെ ചതുരശ്രമീറ്റര്‍ സ്ഥലം വീണ്ടെടുത്തതായി ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. കടലോരത്ത് നിയമാനുസൃത പ്രമാണങ്ങളില്ലാത്ത സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങളും ഷെഡുകളും മറ്റുമാണ് പൊളിച്ചുനീക്കുന്നതെന്നും നഗരസഭാ വക്താവ് പറഞ്ഞു.