ജിദ്ദ- ജിദ്ദയിലെ മലയാളികളുടെ ഹൃദയഭൂമിയായ ഷറഫിയ ഇന്ന് വൈകുന്നേരം സ്നേഹത്താൽ നിറഞ്ഞുതുളുമ്പി. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറു കണക്കിന് പ്രവാസികളെ ഷറഫിയെ ഉള്ളകം കൊണ്ടു സ്വീകരിച്ചു. ഖൽബ് നിറയെ സ്നേഹം സമ്മാനിക്കുന്ന ഇഫ്താറിൽ പങ്കെടുക്കാൻ അയ്യായിരത്തോളം പ്രവാസികളാണ് എത്തിയത്. ഷറഫിയയുടെ തെരുവ് ഇഫ്താറിൽ പങ്കെടുക്കാനെത്തിയവരെ കൊണ്ടു നിറഞ്ഞിരുന്നു. മലയാളികളുടെ സ്വന്തം ഇടമായ ഷറഫിയ എത്തിയവരെയെല്ലാം നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.
വൈകുന്നേരം അഞ്ചരയോടെ തന്നെ ഷറഫിയ ഇഫ്താറിന് എത്തിയവരെ കൊണ്ടു നിറഞ്ഞിരുന്നു. മുവായിരത്തി അഞ്ഞൂറോളം പേർ എത്തുമെന്നാണ് സംഘാടകർ കണക്കാക്കായിരുന്നത്. എന്നാൽ സംഘാടകരുടെ പ്രതീക്ഷയെ മറികടക്കുന്നതായിരുന്നു എത്തിയ പ്രവാസികളുടെ എണ്ണം.
അയ്യായിരത്തോളം പേരാണ് ഇഫ്താർ സ്നേഹം നുകർന്ന് മടങ്ങിയത്. ഷറഫിയയിലെ വ്യാപാരികളാണ് ഇഫ്താറിന്റെ സംഘാടകർ. മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ബേബിക്ക ഷറഫിയ, യാസിർ ഡി.എച്ച്.എൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താറിന്റെ സംഘാടനം. ഒൻപതാമത് ഇഫ്താറാണ് ഇക്കുറി നടന്നത്. ഓരോ വർഷവും ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്ന് മുജീബ് റീഗൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു. അയ്യായിരത്തോളം പേരാണ് ഇത്തവണ പങ്കെടുത്തത്. ഷറഫിയയിലെ വ്യാപാരികൾക്കായി തുടങ്ങിയ ഇഫ്താർ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി വേറിട്ട നോമ്പു സൽക്കാരം കൂടിയായിരുന്നു ഷറഫിയയിലെ ഇഫ്താർ സംഗമം.