കോഴിക്കോട്: കെട്ടിക്കിടക്കുന്നതും ഒഴുകുന്നതുമായ വെള്ളത്തിലൂടെ പകരാൻ ഇടയാക്കുന്ന അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) എന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ലോകത്തുതന്നെ മസ്തിഷ്ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൽനിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്കിയ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗലക്ഷണങ്ങൾ മസ്തിഷ്ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. അന്നേദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാവുകയും കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി. ആരോഗ്യവകുപ്പ് മിൽട്ടെഫൊസൈൻ മരുന്ന് പ്രത്യേകമായി എത്തിച്ച് നല്കുകയുമുണ്ടായി. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്.
നേരത്തെ തന്നെ രോഗം കണ്ടെത്താനായതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതുമാണ് നേട്ടം കൈവരിക്കാൻ കൂടുതൽ സഹായകരമായതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരത്തിന് സംസ്ഥാനത്ത് ഇന്നലെ ചികിത്സാ മാർഗരേഖ പുറത്തിറക്കിയിരുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് സമഗ്രമായ മാർഗരേഖ പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group