ജിദ്ദ – വിവിധ മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകുന്നതിനുള്ളളപദ്ധതിക്ക് സൗദി നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായ കഴിഞ്ഞ ദിവസം അഞ്ചു പേർക്ക് പൗരത്വം അനുവദിക്കുകയും ചെയ്തു.
മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സാങ്കേതികവിദ്യ, ആണവ-പുനരുപയോഗ ഊര്‍ജം, നിര്‍മിത ബുദ്ധി, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ്, ഉയര്‍ന്ന പ്രകടനക്ഷമതയുള്ള കംപ്യൂട്ടറുകള്‍, പരിസ്ഥിതി, ഭൂമിശാസ്ത്രം, നാനോ ടെക്‌നോളജി, ബഹിരാകാശ ശാസ്ത്രം, വ്യോമയാന ശാസ്ത്രം അടക്കമുള്ള മേഖലകളില്‍ അപൂര്‍വമായ കഴിവുകളും സ്‌പെഷ്യലൈസേഷനുകളും ഉള്ള വിശിഷ്ട വ്യക്തികള്‍ക്ക് സൗദി അറേബ്യ പൗരത്വം അനുവദിക്കും.
സമ്പദ്‌വ്യവസ്ഥയുടെ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും സാങ്കേതികവിദ്യ, ടൂറിസം, വിനോദം, പുനരുപയോഗ ഊര്‍ജം, നൂതന പശ്ചാത്തല സൗകര്യങ്ങള്‍, ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തല്‍, പരിസ്ഥിതി സുസ്ഥിരത, ഇന്നൊവേഷന്‍ പോലുള്ള മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്താനും ലക്ഷ്യമിടുന്ന വിഷന്‍ 2030 ന്റെ ഭാഗമായി സര്‍വ മേഖലകളിലും ബൃഹത്തായതും സമഗ്രവുമായ വികസന പ്രക്രിയക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. വികസന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വിവിധ വൈജ്ഞാനിക മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് സൗദി പൗരത്വം നല്‍കാനും 2019 അവസാനത്തില്‍ സൗദി ഭരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന്റെ ഭാഗമായി 2021 നവംബറില്‍ പ്രതിഭകളുടെ ആദ്യ ബാച്ചിന് സൗദി അറേബ്യ പൗരത്വം നല്‍കി. ഏകദേശം രണ്ടു വര്‍ഷവും എട്ടു മാസവും കഴിഞ്ഞ് ഇന്നലെ രണ്ടാമത്തെ ബാച്ചിനും സൗദി പൗരത്വം അനുവദിച്ചു. വാര്‍ധക്യവുമായി ബന്ധപ്പെട്ട ചികിത്സാ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഹെവല്യൂഷന്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയും അമേരിക്കന്‍ പൗരനുമായ മഹ്മൂദ് ഖാന്‍, ബയോഎന്‍ജിനീയറിംഗ് ആന്റ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതല്‍ 2018 വരെ സേവനമനുഷ്ഠിച്ച സിങ്കപ്പൂര്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ബയോഎന്‍ജിനീയറിംഗ്, നാനോകോംപോസിറ്റുകള്‍ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ലെബനീസ് ശാസ്ത്രജ്ഞ നെവിന്‍ ഖശാബ്, മെംബ്രണ്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യകളില്‍ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ ഗഫൂര്‍, എം.ബി.സി ഈജിപ്ത് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍മുഅ്താല്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് ഇന്നലെ സൗദി പൗരത്വം അനുവദിച്ചത്.