സന്‍ആ – ഹൂത്തി രഹസ്യാന്വേഷണ വിഭാഗം നേതാവ് കേണല്‍ അബ്ദുന്നാസിര്‍ അല്‍കമാലി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. ഇന്നു പുലര്‍ച്ചെ യെമനിലെ ഏതാനും പ്രദേശങ്ങളില്‍ അമേരിക്ക പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയിലെയും അല്‍ഹുദൈദയിലെയും മാരിബിലെയും വിവിധ കേന്ദ്രങ്ങളില്‍ ആക്രമണങ്ങളുണ്ടായി.
അതേസമയം, അല്‍കമാലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ അമേരിക്കന്‍ സൈന്യത്തിന് കൈമാറിയെന്നാരോപിച്ച് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ഖാദിര്‍ അല്‍ശാമിയെ ഹൂത്തി മിലീഷ്യകള്‍ അറസ്റ്റ് ചെയ്തതായി യെമന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. രാജ്യദ്രോഹം, വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി ചാരവൃത്തി നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഹൂത്തി മിലീഷ്യകള്‍ സന്‍ആയിലെ നിരവധി സൈനിക, സുരക്ഷാ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്തതായും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫയാദ് അല്‍നുഅ്മാന്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.