ജിദ്ദ – 2030 ഓടെ സൗദിയില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം മൂന്നിരട്ടിയിലേറെയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. 2022 അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 1,34,500 ലേറെ ഹോട്ടല്‍ മുറികളാണുള്ളത്. ഏതാനും വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ 2030 ഓടെ ഹോട്ടല്‍ മുറികള്‍ നാലര ലക്ഷത്തിലേറെയായി ഉയരും. 2030 ഓടെ ഗള്‍ഫില്‍ ഏറ്റവുമധികം ഹോട്ടല്‍ മുറികളുള്ള രാജ്യമായി സൗദി അറേബ്യ മാറും.
നാലു വര്‍ഷത്തിനിടെ സൗദിയില്‍ ടൂറിസം മേഖലാ ജീവനക്കാരുടെ എണ്ണം 60 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ ടൂറിസം മേഖലാ ജീവനക്കാര്‍ 8,80,000 ആയി ഉയര്‍ന്നു. 2018 ല്‍ ടൂറിസം മേഖലാ ജീവനക്കാര്‍ 5,52,500 ആയിരുന്നു. 2030 ഓടെ പ്രതിവര്‍ഷം 15 കോടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇത് വിനോദസഞ്ചാര വ്യവസായ മേഖലയില്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിസാ നടപടികള്‍ എളുപ്പമാക്കുകയും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുകയും സാംസ്‌കാരിക, മത ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കൊറോണ മഹാമാരി പ്രത്യാഘാതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായി കഴിഞ്ഞ കൊല്ലം ലോകത്ത് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്. കൊറോണ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ലോകത്ത് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ സൗദി അറേബ്യ മുന്‍പന്തിയിലാണെന്ന് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയില്‍ ടൂറിസ്റ്റുകളുടെ എണ്ണം 56 ശതമാനം തോതില്‍ വര്‍ധിച്ചു.