ജിദ്ദ- സൗദി അറേബ്യയുടെ കിഴക്കൻ മേഖലകളിലും റിയാദ്, അൽ ഖസീം എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ജിസാൻ, അസീർ, അൽ ബാഹ എന്നിവടങ്ങളിൽ മഴ പെയ്യുമെന്നും കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യയിൽ പൊടിക്കാറ്റ് വീശും.
ഉച്ചക്ക് പുറത്തിറങ്ങി നടക്കരുത്
കിഴക്കൻ മേഖലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്‌സ് നിർദ്ദേശിച്ചു. ഉച്ചസമയത്ത് സൂര്യന്റെ ചൂടേൽക്കുന്നത് ദേഹത്ത് പൊള്ളലടക്കം നിരവധി പരിക്കേൽക്കാൻ ഇടയാക്കുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
വേനൽക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ, സൺസ്‌ക്രീൻ ക്രീം ഉപയോഗിക്കുക, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ വാഹനത്തിൽ വിൻഡോ ഫിലിം ഒട്ടിക്കുക, ശരീരത്തിൻ്റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക, ഉച്ചയ്ക്ക് ഡ്രൈവിംഗ് ഒഴിവാക്കാൻ ശ്രമിക്കുക എന്നീ കാര്യങ്ങളും ആരോഗ്യവകുപ്പു മുന്നോട്ടുവെച്ചു.
ചൂട് ലോകമെമ്പാടും
ദിവസങ്ങളായി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും താപനിലയിൽ ശ്രദ്ധേയമായ വർദ്ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. നൂറു കണക്കിനാളുകൾ ഇതോടകം മരിച്ചു. വിവിധ രാജ്യങ്ങൾ ചൂട് സംബന്ധിച്ച് മുന്നറിയിപ്പും നൽകി.
ജൂൺ 20 ന് വേനൽക്കാല ദിനങ്ങൾ ആരംഭിക്കുന്ന സൗദി അറേബ്യ അടക്കം പല രാജ്യങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് രേഖപ്പെടുത്തിയതിനേക്കാൾ റെക്കോർഡ് താപനിലയാണ് ഇക്കുറി രേഖപ്പെടുത്തുക. രണ്ട് പതിറ്റാണ്ടിനിപ്പുറം ഏറ്റവും ചൂടേറിയ വേനൽക്കാലമായിരിക്കും ഇത്തവണ.
നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ വർഷം. എന്നാൽ ഈ റെക്കോർഡ് 2024 തകർക്കും.
ചൂട് തരംഗം എപ്പോൾ അവസാനിക്കും?
ചൂട് തരംഗം കുറഞ്ഞു തുടങ്ങിയെന്നാണ് അറബ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ സി.ഇ.ഒ മുഹമ്മദ് അൽ-ഷേക്കർ പറയുന്നത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ താപനില മിതമായ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽലെവൻ്റ്, ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന ചൂടുള്ള കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്. എന്നാൽ അവ റെക്കോർഡ് താപനിലയല്ല. അതായത് അവ മുൻകാലങ്ങളിലെ താപനിലയെ മറികടന്നിട്ടില്ലെ്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ താപനിലയിലെ വർദ്ധനവ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണെന്ന് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ക്ലൈമറ്റ് സെൻട്രൽ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ മേഖല, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണെന്നും സംഘം നിരീക്ഷിച്ചു. ഈ മേഖലയിലെ 290 ദശലക്ഷത്തിലധികം ആളുകളെ അസാധാരണമായ ചൂട് ബാധിച്ചു.
ജൂൺ 11 മുതൽ സൗദി അറേബ്യ, ഇറാഖ്, സിറിയ, അൾജീരിയ, ഈജിപ്ത്, തുർക്കി, ഗ്രീസ് എന്നിവിടങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
മിഡിൽ ഈസ്റ്റിൽ താപ തരംഗങ്ങൾ വരുന്നു
ഈ ജൂൺ അവസാനത്തോടെ, മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ ഒരു പുതിയ ചൂട് തരംഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് അറബ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സി.ഇ.ഒ അൽ-ഷേക്കർ പറഞ്ഞു. എന്നാൽ അവ നിലവിലുള്ള ചൂടിനേക്കാൾ കുറവായിരിക്കും.
ഗൾഫ് രാജ്യങ്ങളും ചൂടും
ഗൾഫ് രാജ്യങ്ങൾ ഈ കാലയളവിൽ ഓരോ വർഷവും സമാനമായ ചൂടുള്ള കാലാവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. ജൂൺ അവസാനത്തോടെ; അൾജീരിയ, ടുണീഷ്യ, മൊറോക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുമുണ്ട്.