ബെയ്‌റൂത്ത് – ഇസ്രായിലുമായുള്ള യുദ്ധത്തില്‍ ഹിസ്ബുല്ല വന്‍ വിജയം നേടിയതായും 2006 ലെ യുദ്ധത്തില്‍ കൈവരിച്ചതിനെക്കാള്‍ മികച്ച വിജയമാണ് ഇത്തവണത്തെത് എന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം അവകാശപ്പെട്ടു. പ്രതിരോധം അവസാനിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ ശത്രുവിന് കഴിഞ്ഞില്ല. ശത്രുവിന് എല്ലാ വശങ്ങളിലും പരാജയം നേരിട്ടതായും, വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ഹിസ്ബുല്ല നേതാവ് പറഞ്ഞു.
പ്രസംഗത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി അനുഭാവികളെ നഈം ഖാസിം അഭിസംബോധന ചെയ്തു. നിങ്ങള്‍ ക്ഷമയോടെ പോരാടി, നിങ്ങള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറി, നിങ്ങളുടെ മക്കള്‍ താഴ്‌വരകളില്‍ യുദ്ധം ചെയ്തു. ശത്രുവിനെ നേരിടാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്തു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഗാസയെ പിന്തുണക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്രായില്‍ അടിച്ചേല്‍പിക്കുകയാണെങ്കില്‍ ഞങ്ങള്‍ യുദ്ധത്തിന് തയാറാണ്. തങ്ങള്‍ തയാറാണെന്ന് യുദ്ധത്തിലൂടെ പോരാളികള്‍ തെളിയിച്ചു. ഹസന്‍ നസ്‌റല്ല തയാറാക്കിയ പദ്ധതികള്‍ ഫലപ്രദമായിരുന്നു. ഇത് എല്ലാ സംഭവവികാസങ്ങളും കണക്കിലെടുക്കുന്നു.
ഹിസ്ബുല്ല അതിന്റെ മുഴുവന്‍ ശക്തിയും വീണ്ടെടുത്തു. വീണ്ടും ഒരു കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സംവിധാനം സ്ഥാപിച്ച് യുദ്ധമുന്നണിയില്‍ ഉറച്ചുനിന്നു. ഹിസ്ബുല്ല നേതാക്കള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. നേതാക്കള്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം ശക്തി വീണ്ടെടുക്കാന്‍ ഹിസ്ബുല്ലക്ക് കഴിഞ്ഞു. യുദ്ധത്തില്‍ ഇസ്രായിലിന് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു.
ലെബനോനില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കുന്നതില്‍ ഇസ്രായില്‍ പരാജയപ്പെട്ടു. ലെബനോനിലെ മുഴുവന്‍ വിഭാഗങ്ങളും ശക്തികേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം മൂലമാണ് ലെബനോനില്‍ ആഭ്യന്തര കലാപമുണ്ടാക്കാന്‍ സാധിക്കുമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടല്‍ പിഴച്ചത്. ലെബനീസ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണ് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത്. പ്രതിരോധത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വെടിനിര്‍ത്തല്‍ കരാറിന് ഞങ്ങള്‍ സമ്മതിച്ചു. ഇത് ഒരു ഉടമ്പടിയല്ല. മറിച്ച് 1,701-ാം നമ്പര്‍ യു.എന്‍ രക്ഷാ സമിതി പ്രമേയവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് നടപടികളുടെ ഒരു പ്രോഗ്രാം ആണ്.
കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്നുള്ള ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റം വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരീകരിക്കുന്നു. സുരക്ഷയുടെ ഉത്തരവാദിത്തം വഹിക്കാനും പ്രദേശത്തു നിന്ന് ശത്രുക്കളെ പുറത്താക്കാനുമായി ലിറ്റാനി നദിക്ക് തെക്ക് ലെബനീസ് സൈന്യത്തെ വിന്യസിക്കുമെന്ന് കരാര്‍ സൂചിപ്പിക്കുന്നു. കരാര്‍ ബാധ്യതകള്‍ നടപ്പാക്കാന്‍ പ്രതിരോധവും (ഹിസ്ബുല്ല) ലെബനീസ് സൈന്യവും തമ്മില്‍ ഉയര്‍ന്ന തലത്തില്‍ ഏകോപനം നടത്തും. ദേശീയ സേന എന്നോണമാണ് ലെബനീസ് സൈന്യത്തെ ഹിസ്ബുല്ല നോക്കിക്കാണുന്നത്. ഞങ്ങളുടെ മാതൃഭൂമിയില്‍ എല്ലാ പ്രദേശങ്ങളിലും ലെബനീസ് സൈന്യത്തെ വിന്യസിക്കും.
ദേശീയൈക്യം കാത്തുസൂക്ഷിക്കാനും പ്രസിഡന്റിനെ തെരഞ്ഞെടുക്കല്‍ അടക്കം ഭരണഘടനാ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കാനും ഹിസ്ബുല്ല പ്രവര്‍ത്തിക്കും. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റ് സെഷന്‍ ജനുവരി ഒമ്പതിന് ചേരാന്‍ സ്പീക്കര്‍ നബീഹ് ബെരി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറുമായി സഹകരിച്ച് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം നടത്തും. തായിഫ് കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ലെബനോന്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കക്ഷികളുമായും ഹിസ്ബുല്ല സഹകരിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. ദേശീയൈക്യം കാത്തുസൂക്ഷിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്രവര്‍ത്തിക്കും. ശത്രു നമ്മെ ദുര്‍ബലപ്പെടുത്തുന്നത് തടയാന്‍ ഹിസ്ബുല്ല തയാറാണെന്നും നഈം ഖാസിം പറഞ്ഞു.