ന്യൂദൽഹി: സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപേഴ്‌സണും ഭർത്താവിനും എതിരെ അതീവഗുരുതര ആരോപണവുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും നിക്ഷേപം ഉണ്ടായിരുന്നുവെന്ന ആരോപണാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തൽ ഉടൻ പുറത്തുവരുമെന്ന് നേരത്തെ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബർമുഡയിലെയും മൗറീഷ്യസിലെയും ഷെൽ കമ്പനികളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2017ൽ സെബിയുടെ മുഴുവൻ സമയ അംഗമായി മാധബി ബുച്ചിനെ നിയമിക്കുന്നതിനും, 2022 മാർച്ചിൽ സെബി ചെയർപേഴ്‌സണായി ചുമതല നൽകുന്നതിനും മുൻപുള്ള നിക്ഷേപങ്ങളാണിത്. 2015 മുതലാണ് ഇവർ ഇവിടെ നിക്ഷേപം നടത്തിയത്.
മാധവി ബുച്ചിനെ സെബിയിൽ നിയമിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ്, അവരുടെ പുതിയ നിയമന ചുമതലയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന ഒഴിവാക്കാൻ അവരുടെ നിക്ഷേപം തന്റെ നിയന്ത്രണത്തിലേക്ക് മാറ്റാൻ ഭർത്താവ് അഭ്യർത്ഥിച്ചുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിക്കുന്നു. നേരത്തെ അദാനി ഗ്രൂപിനെതിരെ ഉയർന്ന ഓഹരി കൃത്രിമ ആരോപണങ്ങളിൽ കാര്യമായ നടപടി സ്വീകരിക്കാത്തതും സെബി ചെയർപഴ്‌സന്റെ നിക്ഷേപവും തമ്മിൽ ബന്ധമുണ്ടായേക്കാം എന്നും ഹിൻഡൻബർഗ് സംശയം ഉന്നയിക്കുന്നു.
2023 ജനുവരിയിലാണ് അദാനി ഗ്രൂപിനെതിരെ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്ത് വന്നത്. അന്നത്തേതിലും ഗൗരവമേറിയ ആരോപണമാണ് ഹിൻഡൻബർഗ് പുതുതായി ഉന്നയിച്ചിരിക്കുന്നത്.