പതിനായിരങ്ങളെ ആവേശത്തേരിലേറ്റിയ കലാശക്കൊട്ട്
ജിദ്ദ: ജിദ്ദയുടെ മാനത്ത് പാൽനിലാവൊളി പരത്തിയ ചന്ദ്രനെയും ഗ്യാലറിയിലെ നിറസാന്നിധ്യമായ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും സാക്ഷിയാക്കി, പതിനായിരങ്ങളുടെ ആർപ്പുവിളികളിലൂടെയാണ് കിംഗ്സ് കപ്പിൽ ഹിലാലിന്റെ മുത്തം. ഷൂട്ടൗട്ടിലൂടെയാണ് ഹിലാലിന്റെ കിരീടധാരണം. ഹിലാലിന്റെ ആദ്യ ഷോട്ട് തന്നെ പുറത്തുപോയി. റുബീൻ നവാസാണ് ഈ കിക്ക് എടുത്തത്. നസറിന്റെ അലക്സ് ടെല്ലസ് എടുത്ത ആദ്യ കിക്ക് ആകാശത്തേക്ക് പറന്നു. മിത്രോവിച്ച് ഹിലാലിനായി ഗോൾ നേടി. പിന്നാലെ ക്രിസ്റ്റാനോയും ലക്ഷ്യം നേടി. ഹിലാലിന്റെ മുഹമ്മദ് ഖാനൂവിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തി. നസറിന്റെ സാമി അല് നജൂവും ലക്ഷ്യം കണ്ടു. ഹസൻ തമ്പാക്തിയുടെ ഉന്നവും ഹിലാലിനായുള്ളത് പിഴച്ചില്ല. നസറിന്റെ അബ്ദുറഹ്മാൻ ഗരീബ് അടിച്ച പന്തും ലക്ഷ്യത്തിലെത്തി. ഹിലാലിനായി അവസാന ഷോട്ടെടുത്ത അബ്ദുല്ല അൽ ഹംദാനും പിഴച്ചില്ല. നസ്റിനായി കിക്കെടുത്ത അലി അൽ വജമിയും ലക്ഷ്യം കണ്ടു. ഹിലാലിന്റെ സൗദ് അൽ ഹമദിന്റെയും നസറിന്റെ അലി അൽ ഹസന്റെയും കിക്ക് പാഴായി. നസീർ അൽ ദോസരി ഹിലാലിനായി ലക്ഷ്യം കണ്ടു. മെഷാരി അൽ നമറിന്റെ ഷോട്ട് പിഴച്ചതോടെ കിരീടം ഹിലാലിന് ലഭിച്ചു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഗോളുകൾ പിറന്നില്ല.
ആദ്യപകുതിയുടെ ഏഴാമത്തെ മിനിറ്റിൽ സെർബിയൻ താരം അലക്സാണ്ടർ മിത്രോവിച്ച് നേടിയ ഗോളിലൂടെ ഹിലാൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലെ അവസാനത്തെ അഞ്ചു മിനിറ്റ് കാര്യങ്ങൾ ആകെ മാറ്റി മറിച്ചു.
എൺപത്തിയെട്ടാമത്തെ മിനിറ്റിൽ അയ്മൻ സാലിം നേടിയ തീപാറും ഹെഡറിലൂടെ സമനില സ്വന്തമാക്കിയ ഹിലാൽ അതുവഴി കിരീടത്തിലേക്ക് ചുവടുവെച്ചു. അവസാനത്തെ അഞ്ചുമിനിറ്റിൽ രണ്ടു താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തായെങ്കിലും ഹിലാൽ കിരീടത്തിൽ മുത്തമിട്ടു.
ആദ്യപകുതിയിൽ തന്നെ ഗോൾ നേടിയതോടെ ആക്രമിച്ചു കളിച്ച ഹിലാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസ്റിനെ അക്ഷരാർത്ഥത്തിൽ പൂട്ടിയിട്ടു. എന്നാൽ രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ നിരവധി മുന്നേറ്റങ്ങൾ നടത്തി. ക്രിസ്റ്റ്യാനോയുടെ പോരാട്ടത്തിലൂടെ പലപ്പോഴും ഹിലാലിന്റെ ബോക്സിൽ നസ്റിനായി നിരവധി അവസരങ്ങൾ തുറന്നു. അൻപത്തിയെട്ടാമത്തെ മിനിറ്റിൽ നസ്റിന്റെ ഗോളി ഡേവിഡ് എസ്പാന ചുവപ്പുകാർഡ് കണ്ടു പുറത്തായി. ഇതോടെ നസ്ർ പത്തുപേരായി ചുരുങ്ങി.
രണ്ടാം പകുതിയുടെ എൺപതാം മിനിറ്റിൽ ബോക്സിന് ഏതാനും വാര അകലെനിന്ന് റൊണാൾഡോ എടുത്ത ഫ്രീകിക്ക് ഹിലാൽ ഗോളി തടുത്തിട്ടു. തൊട്ടടുത്ത നിമിഷം ലഭിച്ച അവസരവും നസ്റിന് ഗോളാക്കാനായില്ല. എൺപത്തിമൂന്നാമത്തെ മിനിറ്റിൽ ലഭിച്ച മറ്റൊരു അവസരവും പാഴായി. ഈ നീക്കം കോർണറിലാണ് അവസാനിച്ചത്.
എൺപത്തിയഞ്ചാമത്തെ മിനിറ്റിൽ ക്രിസ്റ്റ്യാനോ ബോക്സിന് പുറത്തുവെച്ച് കൊടുത്ത പാസും സഹതാരത്തിന് ക്ലിയർ ചെയ്യാനായില്ല. അവസാന നിമിഷങ്ങളിൽ ഹിലാലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു നസ്റിന്റേത്. എൺപത്തിയേഴാമത്തെ മിനിറ്റിൽ അലി അൽ ബുഖൈരിക്ക് ചുവപ്പുകാർഡ് ലഭിച്ചതോടെ ഹിലാൽ പത്തുപേരായി ചുരുങ്ങി. പിറകെ,അയ്മൻ അൽ സെയ്ദി ഹിലാലിന്റെ നെഞ്ചു തുളച്ച് ഗോൾ സ്വന്തമാക്കി. ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ഫ്രീകിക്കിലൂടെ വന്ന പന്തിന് ക്രിസ്റ്റ്യാനോയും അയ്മനും ഉയർന്നുചാടി. അയ്മന്റെ കൃത്യമായ ഹെഡറിലൂടെ ഗോൾ പിറന്നു.
പിന്നാലെ ഖാലിദ് കലിബൗലി കൂടി ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ഹിലാൽ ഒമ്പതുപേരായി ചുരുങ്ങി. നസറിന്റെ ഗോളിയെ അപകടകരമായി ചവിട്ടിയതിനായിരുന്നു ചുവപ്പ്. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കേ ക്രിസ്റ്റ്യാനോക്ക് ലഭിച്ച അവസരം പാഴായി. പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ നസ്റിനെ ഓഫ് ലൈൻ കുരുക്കിൽ പെടുത്തുന്ന തന്ത്രമാണ് ഹിലാൽ പുറത്തെടുത്തത്.
കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി മാറ്റിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് അൽ ഹിലാൽ കായികപ്പെരുമയുടെ കൊടിയടയാളമായ കിംഗ്‌സ് കപ്പ് സ്വന്തമാക്കിയത്. ഫുട്‌ബോളിന്റെ മാന്ത്രികലോകമാണ് അല്‍നസറിന്റേയും അല്‍ഹിലാലിന്റേയും പടക്കുതിരകള്‍ കളിക്കമ്പക്കാരായ സൗദികളുടേയും വിദേശികളുടേയും മുമ്പില്‍ തുറന്നുവെച്ചത്.
കിംഗ്സ് കപ്പിന്റെ ചരിത്രം
ഫുട്‌ബോള്‍ എന്നത് സൗദിയിലെ ഓരോ കുട്ടിയുടേയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ 1957 ലാണ് കിംഗ്‌സ് കപ്പിന് കിക്കോഫ് നടത്തിയതെന്നോര്‍ക്കുക. ഫുട്‌ബോള്‍ ഭൂപടത്തില്‍ ഈ രാജ്യം അടയാളപ്പെടുത്തിയ പ്രാധാന്യം ഇതില്‍ നിന്നുതന്നെ വ്യക്തമാകും. 1990 വരെ നീണ്ടു നിന്ന കിംഗ്‌സ് കപ്പ് കളികള്‍ ഇടക്കാലത്ത് ഒന്നു നിലച്ചുപോവുകയും വീണ്ടും പതിനേഴുവര്‍ഷത്തിനു ശേഷം സജീവമാകുകയും ചെയ്തു. പ്രൊഫഷണല്‍ ലീഗ് മല്‍സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ആറു ടീമുകളെ വെച്ചുള്ള മല്‍സരം കാണാന്‍ ആയിരങ്ങളാണ് അക്കാലങ്ങളില്‍ ഇരച്ചെത്തിയത്. ക്രൗണ്‍ പ്രിന്‍സ് കപ്പ് എന്നറിയപ്പെട്ടിരുന്ന ട്രോഫി 2014 മുതലാണ് കിംഗ്‌സ് കപ്പായി മാറുന്നത്.
153 ടീമുകള്‍ ഇത് വരെയായി കിംഗ്‌സ് കപ്പ് മല്‍സരങ്ങളില്‍ മാറ്റുരച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍ അല്‍ഹിലാലായിരുന്നു. സൗദി പ്രൊലീഗ് മല്‍സരങ്ങളില്‍ പതിമൂന്നുതവണയാണ് അല്‍ഹിലാല്‍ വിജയകിരീടം ചൂടിയത്. ഒരു തവണ ഇവര്‍ ജനറല്‍ ലീഗ് ഷീല്‍ഡും ഒരു തവണ സൂപ്പര്‍ കപ്പും കരസ്ഥമാക്കിയിട്ടുണ്ട്.
5.5 മില്യണ്‍ റിയാലാണ് കിംഗ്‌സ് കപ്പ് വിജയികള്‍ക്ക് ലഭിക്കുന്ന പ്രൈസ് മണി. റണ്ണര്‍ അപ്പിന് നാലു മില്യണ്‍ റിയാലും. ഒരു പക്ഷേ കായികരംഗത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനത്തുക. ജിദ്ദ അള്‍ഫലാഹ് സ്‌കൂളിലെ കളിക്കമ്പക്കാരായ കുറച്ചുകുട്ടികളുടെ സ്വപ്‌നത്തില്‍ വിരിഞ്ഞ ടീമാണ് പിന്നീട് സൗദിയുടെ യശസ്സുയര്‍ത്തിയ അല്‍ഹിലാല്‍ ടീമായി മാറിയത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍നസര്‍ ക്ലബ് ഒമ്പത് തവണ പ്രൊ ലീഗ് കിരീടം നേടിയിട്ടുണ്ട്. മൂന്നു തവണ ക്രൗണ്‍ പ്രി്ന്‍സ് ട്രോഫിയും അല്‍നസറിന് സ്വന്തമായിരുന്നു. മരുഭൂമിയിലെ പെലെ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന മാജിദ് അബ്ദുല്ല, സഹ കളിക്കാരായ ഫഹദ് അല്‍ ഹെറാഫി, മുഹൈസിന്‍ അല്‍ ജമാല്‍ എന്നീ താരങ്ങളുടെ കളിപ്പെരുമയില്‍ അല്‍നസര്‍ വിജയക്കൊടി നാട്ടിയത് പഴയ ചരിത്രം. രണ്ടു തവണ സൂപ്പര്‍ കപ്പ് ടൈറ്റില്‍ പദവിയും അല്‍ നസറിന് ലഭിച്ചിട്ടുണ്ട്.
2022 ലാണ് ലോക ഫുട്‌ബോളിന്റെ പോര്‍മുഖത്ത് തീക്കാറ്റ് അഴിച്ചുവിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നായകനാക്കി അല്‍നസര്‍ ടീം വിശ്വപ്പെരുമയിലേക്കുയര്‍ന്നത്. പറങ്കിപ്പടയുടെ പതിനെട്ടടവും സൗദിയിലെ യുവതയെ അഭ്യസിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ടീമിനെ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തെത്തിച്ചു.