ന്യൂദൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൈവങ്ങളെയും മതചിഹ്നങ്ങളെ കൂട്ടുപ്പിടിച്ച് പ്രസംഗിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആറുവർഷത്തേക്ക് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതി ദൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകൻ ആനന്ദ് എസ് ജോൻഡാലെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് സച്ചിൻ ദത്തയാണ് കേസ് പരിഗണിക്കുന്നത്.
ഏപ്രിൽ 09 ന് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി മോഡി നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് കേസ് നൽകിയിരിക്കുന്നത്. താൻ രാമക്ഷേത്രം നിർമ്മിച്ചുവെന്നും കർതാർപൂർ സാഹിബ് ഇടനാഴി വികസിപ്പിച്ചെന്നും ഗുരു ഗ്രന്ഥ സാഹിബിൻ്റെ പകർപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ജോൻഡാലെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല.
ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ജോൻഡാലെ ആവശ്യപ്പെട്ടു. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ” വോട്ട് തേടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തൻ്റെ പരാതിയിൽ നാളിതുവരെ ഇസിഐ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ജോൺഡാലെ ആരോപിച്ചു.