തിരുവനന്തപുരം– നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന് ശശി തരൂർ എംപി. വിജയിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഭരണത്തിലേറാൻ ആവശ്യമായ സുരക്ഷിതമായ ഭൂരിപക്ഷം മുന്നണിക്ക് ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ യുഡിഎഫ് വിജയം ദേശീയ തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും, ബിജെപിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിച്ചത് ഈ ഡീലിന്റെ ഭാഗമാണെന്നും തരൂർ ആരോപിച്ചു.
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച് നേതാക്കൾ നടത്തുന്ന ചർച്ചകൾ അനാവശ്യമാണെന്നും അത്തരം സംസാരങ്ങൾക്ക് അർത്ഥമില്ലെന്നും തരൂർ വ്യക്തമാക്കി. വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. യുഡിഎഫ് ജയിച്ചാൽ ഉറപ്പായും ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും എന്നാൽ അത് ആരാണെന്നോ ഏത് നഗരത്തിൽ നിന്നുള്ള ആളാണെന്നോ ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “കെട്ടിടം പണി പൂർത്തിയായ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ട കാര്യമുള്ളൂ” എന്ന പരിഹാസത്തോടെയാണ് മുഖ്യമന്ത്രി ചർച്ചകളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.



