നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സന്നിഗ്ധ ഘട്ടത്തില്‍ ഇറാന്‍ കൈവിട്ടതില്‍ ഹമാസിനെന്ന പോലെ ഹിസ്ബുല്ലക്കും കടുത്ത നിരാശയും അതൃപ്തിയും. ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തതിലൂടെ 37 പേര്‍ കൊല്ലപ്പെടുകയും 3,500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഹിസ്ബുല്ല നേതാക്കളെയും പ്രവര്‍ത്തകരെയും ഒന്നൊന്നായി വ്യോമാക്രമണങ്ങളിലൂടെ വകവരുത്തുകയും കഴിഞ്ഞ ആറു ദിവസത്തിനിടെ ദക്ഷിണ ലെബനോനിലും കിഴക്കന്‍ ലെബനോനിലും ഹിസ്ബുല്ല ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി സ്ത്രീകളും കുട്ടികളുമടക്കം 800 ലേറെ പേരെ കൊലപ്പെടുത്തുകയും 2,000 ലേറെ പേര്‍ക്ക് പരിക്കേല്‍പിക്കുകയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായിട്ടും ഇസ്രായിലിനെതിരെ ചെറുവിരലനക്കാനും പേരിനെങ്കിലും ആക്രമണം നടത്താനും കൂട്ടാക്കാത്ത ഇറാന്റെ നിലപാടില്‍ ഹിസ്ബുല്ല കടുത്ത നിരാശയിലാണ്.
ഒരു വര്‍ഷമായി ഇസ്രായിലുമായി യുദ്ധം ചെയ്ത് മഹാഭൂരിഭാഗം പോരാളികളും അംഗങ്ങളും മരിച്ചുവീഴുകയും ഗാസയെ മുഴുവന്‍ ശവപ്പറമ്പാക്കി മാറ്റുകയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ തെഹ്‌റാനില്‍ വെച്ച് കൊലപ്പെടുത്തുകയും ചെയ്തിട്ടും ഹമാസിനോട് ഇറാന്‍ കാണിച്ചതും ഇതേ കൊടും ചതിയാണ്.
സന്നിഗ്ധ ഘട്ടത്തില്‍ സഹായിക്കാന്‍ ഇറാന്‍ മുന്നോട്ടുവരുമെന്നാണ് ഹമാസും ഹിസ്ബുല്ലയും ഉറച്ചുവിശ്വസിച്ചിരുന്നത്. ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള പോരാട്ടം കനത്തതോടെ ഇസ്രായിലിനെ ആക്രമിക്കണമെന്ന് ഹിസ്ബുല്ല ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രായിലിനെതിരെ ആക്രമണം നടത്താന്‍ ഇപ്പോഴത്തെ സമയം അനുയോജ്യമല്ല എന്ന മറുപടിയാണ് ഇറാന്‍ നേതാക്കള്‍ ഹിസ്ബുല്ല നേതാക്കളെ അറിയിച്ചത്. മേഖലയില്‍ വിശാലമായ യുദ്ധത്തിനാണ് ഇസ്രായില്‍ ശ്രമിക്കുന്നതെന്നും ഈ കെണിയില്‍ വീഴാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്കക്കാര്‍ ഇറാനികളുടെ സഹോദരന്മാരാണ് എന്ന നിലക്ക് ഏറ്റവും ഒടുവില്‍ ഇറാന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവന ഹിസ്ബുല്ല പ്രവര്‍ത്തകരെ അങ്ങേയറ്റം രോഷാകുലരാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കക്കുമിടയില്‍ രാഷ്ട്രീയ കളികളാണ് നടക്കുന്നതെന്ന് ഹിസ്ബുല്ല പ്രവര്‍ത്തകരില്‍ ഒരാള്‍ വോയ്‌സ് ക്ലിപ്പിംഗില്‍ പറഞ്ഞു. എല്ലാം രാഷ്ട്രീയ കളികളാണ്. ഇറാനും അമേരിക്കയും യോജിപ്പിലെത്തിയിരിക്കുന്നു. ഇറാന്‍ പ്രസിഡന്റ് പറയുന്നത് അമേരിക്കക്കാര്‍ തങ്ങളുടെ സഹോദരന്മാരാണ് എന്നാണ്. തുച്ഛവിലക്ക് അവര്‍ നമ്മെ വില്‍ക്കുകയാണ് – ഹിസ്ബുല്ല പ്രവര്‍ത്തന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ചോര്‍ന്ന വോയ്‌സ് ക്ലിപ്പിംഗില്‍ പറഞ്ഞു.
നിലവിലെ സംഭവവികാസങ്ങളില്‍ ഇറാന്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ യെമനിലെ ഹൂത്തികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. യെമനിലെ ഹൂത്തികള്‍ ഇറാന്‍ ഗവണ്‍മെന്റിന്റെ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നും ഇറാന്‍ പ്രസിഡന്റ് അമേരിക്കയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് യുദ്ധം വ്യാപിപ്പിക്കാന്‍ ഇറാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നും എന്താണ് ചെയ്യാതിരിക്കേണ്ടത് എന്നും ഇറാന്‍ പറയുന്നത് കേള്‍ക്കാന്‍ ഹൂത്തികള്‍ കാത്തിരിക്കുന്നില്ല. ഇറാനകത്തും ഞങ്ങളോട് വിയോജിക്കുന്നവരുണ്ട്. തീവ്രവാദവും നന്നായി പഠിക്കാതെയുള്ള തെറ്റായ പെരുമാറ്റങ്ങളും തടയാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. സ്വന്തം വിശ്വാസങ്ങളാലും വികാരങ്ങളാലും നയിക്കപ്പെടുന്ന വിദേശ രാജ്യങ്ങളിലുള്ളവരെ നമുക്ക് എങ്ങിനെ നിയന്ത്രിക്കാനാകും. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല – ഹൂത്തികളെ സൂചിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ലെബനോനെതിരെ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തില്‍ സംശയാസ്പദമായ ഇറാന്റെ പിന്‍വാങ്ങല്‍ വ്യാപകമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ലെബനോനെ യഥാര്‍ഥ യുദ്ധക്കളമാക്കി ഇസ്രായില്‍ മാറ്റിയ ഈ സമയത്ത് ഏറ്റുമുട്ടലില്‍ നിന്ന് ഇറാന്‍ പിന്മാറിയത് അമേരിക്കയുമായും പശ്ചാത്യരാജ്യങ്ങളുമായുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതില്‍ തന്ത്രപരമായ പിന്‍വാങ്ങലാണ് നടത്തിയിരിക്കുന്നതെന്നും തെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതിന് പ്രതികാരം ചെയ്യുന്നത് ഉപേക്ഷിച്ചതായുമുള്ള ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടെ പ്രസ്താവനയും ആണവ പ്രശ്‌നത്തില്‍ പശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ ഒരുക്കമാണെന്ന് ന്യൂയോര്‍ക്കില്‍ വെച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചതും ഹിസ്ബുല്ലയെയും ഹമാസിനെയും ഇറാന്‍ കൈയൊഴിഞ്ഞതിന് തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
മാസങ്ങളായി ഗാസയില്‍ കണ്ടുകൊണ്ടിരിക്കുന്ന രംഗം ഇപ്പോള്‍ ലെബനോനിലും ആവര്‍ത്തിക്കുകയാണെന്ന് മുന്‍ ലെബനീസ് എം.പി ഫാരിസ് സഈദ് പറയുന്നു. അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെ ഇസ്രായിലിനെതിരായ ചെറുത്തുനില്‍പിന്റെ അച്ചുതണ്ടിനെ ഇറാന്‍ നയിക്കുമോ, അതല്ല, തങ്ങളുടെ സഖ്യകക്ഷികള്‍ വഴി ഇസ്രായിലിനെതിരെ പോരാടുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ നന്നായി വ്യക്തമാകും. അമേരിക്കയുമായുള്ള ഇറാന്റെ ചര്‍ച്ചാ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മേഖലയില്‍ ഇറാന്റെ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ ഇസ്രായിലിനെതിരെ പോരാടി മരണപ്പെട്ടുകൊണ്ടിരിക്കുന്നതായി അനുദിനം വ്യക്തമാകുന്നു.
ഇറാന്‍ തങ്ങളെ പിന്തുണക്കുന്നതായും ഭക്ഷണവും വെള്ളവും ആയുധങ്ങളും പണവും ഇറാനില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും മേനിനടിച്ചിരുന്ന ഹിസ്ബുല്ല ഇപ്പോള്‍ ഇസ്രായിലിനെതിരെ ഒറ്റക്ക് പോരാടുകയാണ്. ഈ സമയത്ത് ഇറാന്‍ പശ്ചാത്യ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന തിരക്കിലാണെന്നും ഫാരിസ് സഈദ് പറയുന്നു. ലെബനോന്റെ ദക്ഷിണ പ്രാന്തപ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തി ഹിസ്ബുല്ലക്കു കീഴിലെ റദ്‌വാന്‍ ബ്രിഗേഡിലെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തല്‍, പേജറുകളുടെയും വാക്കി ടോക്കികളുടെയും കൂട്ടത്തോടെയുള്ള സ്‌ഫോടനം എന്നിവ അടക്കം ലെബനോന്‍ സാക്ഷ്യം വഹിക്കുന്ന അപകടകരമായ സംഭവവികാസങ്ങളില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്നതും, വിവിധ ലെബനീസ് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവഗണിക്കുന്നതും, പഴയ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് ലെബനോനെയും ഹിസ്ബുല്ലയെയും ഇറാന്‍ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്ന വിശ്വാസം ലെബനോനില്‍ ശക്തമാക്കിയിട്ടുണ്ട്. ലെബനോനില്‍ ഹിസ്ബുല്ലയെയും യെമനില്‍ ഹൂത്തികളെയും ഇറാഖില്‍ പീപ്പിള്‍സ് മൊബിലൈസേഷന്‍ സേനയെയും ബലിയാടുകളാക്കി ഈ യുദ്ധത്തെ അതിജീവിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ഫാരിസ് സഈദ് പറയുന്നു.