കൊച്ചി- മലയാള സിനിമയിൽ അടിമുടി സ്ത്രീവിരുദ്ധതയെന്നും സിനിമയിൽ പലവിധത്തിലുള്ള ചൂഷണങ്ങളുണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. നടൻമാർ രാത്രി സ്ത്രീകളുടെ വാതിലുകൾ മുട്ടുന്നതായും വാതിൽ തകരുമോ എന്ന തരത്തിലാണ് വാതിലിന് അടിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അവസരം ലഭിക്കാൻ ശരീരം നൽകണമെന്ന അവസ്ഥയാണ്.
അവസരത്തിന് വേണ്ടിയാണ് ശരീരം ചോദിക്കുന്നത്. വഴിവിട്ട കാര്യങ്ങൾക്കാണ് നിർബന്ധിക്കുന്നത്. തൊഴിലിടത്തും യാത്രാവേളയിലും ചൂഷണം അരങ്ങേറുകയാണ്. വഴങ്ങാത്തവർക്ക് എതിരെ ഗൂഢാലോചന നടക്കുകയാണ്. വഴങ്ങുന്നവർക്ക് സിനിമയിൽ പ്രത്യേക കോഡുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
നടിമാരെ ഇറുകിയ വസ്ത്രം ധരിപ്പിക്കാൻ നിർബന്ധിക്കുന്നു, സെറ്റിൽ പലവിധ ഇടനിലക്കാരുണ്ട്, സിനിമാ ലോകം നിയന്ത്രിക്കുന്നത് ക്രിമിനലുകൾ, സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഒറ്റയ്ക്ക് പോകാനാകില്ല, ഉന്നത നടൻമാരിൽ പലരും വേട്ടക്കാരാണ് എന്ന വിവരവും ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. താൽപര്യത്തിന് വഴങ്ങാത്തവരെ സെറ്റിൽ റിപീറ്റ് ഷോട്ടുകൾക്കായി നിർബന്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ചൂഷണത്തിന് തെളിവായി നടിമാർ ഫോട്ടോകൾ ഹാജരാക്കിയെന്നും പറയുന്നുണ്ട്. അടിമുടി ലൈംഗീക ചൂഷണമാണ് സിനിമാ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാള സിനിമയിലെ പലവിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്നും റിപ്പോർട്ടിൽ പറയുന്നു.