ടെഹ്റാൻ- ഹെലികോപ്റ്റർ അപകടത്തിൽ പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെയും സംഘത്തെയും രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഇതേവരെ അപകടമുണ്ടായ സ്ഥലത്ത് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. കനത്ത മഴയും മൂടൽ മഞ്ഞും തണുപ്പുമാണ് രക്ഷാപ്രവർത്തനത്തിന് വിനായകുന്നത്. മഴയും മഞ്ഞും വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു.
അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. എമർജൻസി ലാന്റിംഗിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റർ തകരുകയായിരുന്നുവെന്നാണ് വിവരം. കിഴക്കൻ അസർബൈജാനിലെ വനപ്രദേശത്താണ് ദുരന്തമുണ്ടായത്.
പ്രസിഡന്റിനെ അനുഗമിച്ച ഹെലികോപ്റ്റർ വ്യൂഹം അപകടത്തിപ്പെട്ടു എന്നായിരുന്നു ആദ്യ വിവരം. അധികം വൈകാതെ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത് എന്ന വിവരം ഇറാൻ ദേശീയ മാധ്യമം തന്നെ പുറത്തുവിട്ടു. പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനമുണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് അപകടമുണ്ടായ സ്ഥലത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, തബ്രിസ് മുഹമ്മദ് അലി അൽ ഹാഷിം, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി എന്നിവരും ഇറാൻ പ്രസിഡൻ്റിനെ ഹെലികോപ്റ്ററിൽ അനുഗമിക്കുന്നുണ്ടായിരുന്നു. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ സംസ്ഥാനത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജുൽഫ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.
ഇതേവരെയുള്ള വിവരം.
അപകടമുണ്ടായ സ്ഥലത്തെത്താൻ ഇനിയും മൂന്നു മണിക്കൂറെങ്കിലുമാകുമെന്ന് രക്ഷാപ്രവർത്തകർ
കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്നു.
മഴയും തണുപ്പും അപകടത്തിൽ പരിക്കേറ്റവരെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക.
ഇബ്രാഹീം റെയ്സിക്ക് വേണ്ടി ഇറാനിലുടനീളം ആളുകൾ പ്രാർത്ഥനയിൽ
ഭയപ്പെടരുതെന്ന് പരമോന്നത നേതാവ് ഖുമൈനി, രാജ്യത്തിന് പ്രതിസന്ധിയില്ലെന്നും പ്രസ്താവന.
പ്രസിഡന്റിന്റെ ഹെലികോപ്റ്ററിൽനിന്ന് സിഗ്നൽ ലഭിച്ചുവെന്ന് രക്ഷാപ്രവർത്തകർ, മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു.
ഇറാന് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്ന് സൗദി.
രാത്രിയും രക്ഷാപ്രവർത്തനം നടത്താവുന്ന ഹെലികോപ്റ്ററുകളയച്ച് തുർക്കി.
ഇറാനിലേക്ക് വിദഗ്ധരെ അയച്ച് റഷ്യ.
ദുരന്തത്തിന് പിന്നിൽ ഇസ്രായിലാണെന്ന് തെളിഞ്ഞാൽ ചിന്തിക്കാനാകാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.