റിയാദ്- സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ശക്തമായ ശീത തരംഗത്തിന് നാളെ പുലര്‍ച്ചെ തുടക്കമാകുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അറിയിച്ചു. തിങ്കളാഴ്ച ശൈത്യം അതിന്റെ പാരമ്യതയിലെത്തും. ഏഴു പ്രവിശ്യകളില്‍ പൂജ്യം ഡിഗ്രി താപനില രേഖപ്പെടുത്തും.
തബൂക്ക്, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗം എന്നിവിടങ്ങളില്‍ പൂജ്യത്തിനും മൂന്നിനും ഇടയിലായിരിക്കും നാളെത്തെ താപനില. അര്‍ധരാത്രി ഒന്നു മുതല്‍ രാവിലെ ഒമ്പത് വരെ ഈ നില തുടരും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദ്, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യകളില്‍ രണ്ടു മുതല്‍ അഞ്ചുവരെ ഡിഗ്രിയെത്തും. അദ്ദേഹം പറഞ്ഞു. ശൈത്യം കാഠിന്യമേറിയതോടെ വിവിധ സ്ഥലങ്ങളില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം മാറ്റി. അല്‍ഖുറയാത്ത്, തബൂക്ക്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളുകള്‍ തുറക്കുക. ഹായിലില് 7.45നും അല്‍ജൗഫില്‍ 8.15നും ഹഫര്‍ അല്‍ബാത്തിനില്‍ 7.30നും സ്‌കൂളുകള്‍ ആരംഭിക്കും. വ്യാഴാഴ്ചവരെയാണ് ഈ സമയമാറ്റം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന നിര്‍ദേശമുണ്ട്.