റിയാദ് – റോബോട്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചു. ലോകത്തു തന്നെ ആദ്യമായാണ് റോബോട്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇത്തരത്തിലുള്ള ഓപ്പറേഷനുകളോടൊപ്പമുള്ള എല്ലാ മെഡിക്കല്‍ വെല്ലുവിളികളും സങ്കീര്‍ണതകളും തരണം ചെയ്ത് പതിനാറുകാരനായ രോഗിക്കാണ് റോബോട്ട് ഉപയോഗിച്ച് ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
ആഴ്ചകളോളം നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷം കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനും കാര്‍ഡിയാക് സര്‍ജറി വിഭാഗം തലവനുമായ ഡോ. ഫറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മൂന്നു മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ നടത്തിയത്. കൃത്യത ഉറപ്പുവരുത്താനും അപകട സാധ്യതകള്‍ കുറക്കാനും ശസ്ത്രക്രിയാ രീതി നവീകരിക്കാനും വാരിയെല്ലുകള്‍ മുറിക്കാതെ തന്നെ രോഗിയുടെ ഹൃദയം നീക്കം ചെയ്ത് ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനും വിശദമായ ആസൂത്രണത്തോടെയാണ് തയാറെടുപ്പുകള്‍ ആരംഭിച്ചത്. നൂതന രീതിയുടെ ഫലപ്രാപ്തി തെളിയിക്കാന്‍ മൂന്നു ദിവസത്തിനിടെ തുടര്‍ച്ചായി ഏഴു തവണ വെര്‍ച്വല്‍ രീതിയില്‍ ഓപ്പറേഷന്‍ പ്രക്രിയ നടത്തി.
ആശുപത്രി മെഡിക്കല്‍ കമ്മിറ്റിയുടെയും രോഗിയുടെ ബന്ധുക്കളുടെയും അനുമതികള്‍ നേടിയ ശേഷം ദൗത്യം പൂര്‍ത്തിയാക്കാന്‍ ഡോ. ഫറാസ് ഖലീല്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുകയും ടീം അംഗങ്ങള്‍ തമ്മിലെ യോജിപ്പിന് മുന്‍ഗണന നല്‍കുകയും ചെയ്തു. ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കുന്നതിനു മുമ്പായി ടീം ലീഡര്‍ ഓപ്പറേഷന്‍ പദ്ധതിയുടെ വിശദമായ വിശദീകരണം നല്‍കുകയും ഓരോ വ്യക്തിയുടെയും റോളുകള്‍ കൃത്യമായി വിശദീകരിക്കുകയും ചെയ്ത് രോഗിയുടെ സുരക്ഷയും ഓപ്പറേഷന്റെ വിജയവും ഉറപ്പാക്കി.
സാധാരണ രീതിയില്‍ വാരിയെല്ലുകള്‍ മുറിച്ച് ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ വീണ്ടെടുക്കല്‍ കാലയളവ് ആഴ്ചകളും മാസങ്ങളും നീളാന്‍ ഇടയാക്കും. ഇത് ദൈനംദിന കൃത്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് രോഗിയുടെ ശേഷി പരിമിതപ്പെടുത്തും. സാധ്യമായ ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയാ ഇടപെടലോടെ ഓപ്പറേഷന്‍ നടത്താന്‍ അനുവദിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യകള്‍ വേദനയും വീണ്ടെടുക്കല്‍ കാലയളവും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും കുറക്കുന്നു. രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിലും ഇത് ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളില്‍ ലോകത്ത് ആദ്യ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ നിമിഷം മുതല്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയാ മേഖലയിലെ സുപ്രധാന പുരോഗതിയാണ് ഈ നേട്ടമെന്ന് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സി.ഇ.ഒ ഡോ. മാജിദ് അല്‍ഫയാദ് പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തെയും ആഫ്രിക്കയിലെയും ഒന്നാമത്തെയും ലോകത്തെ ഇരുപതാമത്തെയും മികച്ച ആശുപത്രിയായി കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിനെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തെരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലെയും മധ്യപൗരസ്ത്യദേശത്തെയും ഏറ്റവും മൂല്യമുള്ള ആരോഗ്യ ബ്രാന്‍ഡും കിംഗ് ഫൈസല്‍ ആശുപത്രിയാണ്.