റിയാദ് – ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി മൂന്നു രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ മെഡിക്കല്‍ സംഘങ്ങള്‍ അത്യപൂര്‍വ നേട്ടം കൈവരിച്ചു. അബുദാബിയില്‍ നിന്നും ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ ഹൃദയങ്ങള്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചത്.
കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങള്‍ എയര്‍ ആംബുലന്‍സില്‍ അബുദാബിയിലും ജിദ്ദയിലും എത്തിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളില്‍ നിന്നുള്ള ഹൃദയങ്ങള്‍ നീക്കം ചെയ്ത് റിയാദിലെത്തിച്ചത്. ഇതേ സമയം മറ്റൊരു മെഡിക്കല്‍ സംഘം റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി മറ്റൊരു രോഗിയുടെ ഹൃദയവും നീക്കം ചെയ്ത് കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചു.
അബുദാബി ക്ലെവ്‌ലാന്റ് ക്ലിനിക്കിലും ജിദ്ദയില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ് ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച രോഗികളില്‍ നിന്ന് നീക്കം ചെയ്ത ഹൃദയങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിച്ച ശേഷം ആംബുലന്‍സുകളില്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയവും ആംബുലന്‍സിലാണ് എത്തിച്ചത്. രോഗികളില്‍ നിന്ന് നീക്കം ചെയ്ത ഹൃദയങ്ങള്‍ റെക്കോര്‍ഡ് സമയത്തിനകം കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിക്കാന്‍ റിയാദ് ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നിന്നും ഹൃദയങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ക്ക് മുന്നിലും പിന്നിലും ട്രാഫിക് പോലീസ് വാഹനങ്ങള്‍ അകമ്പടി സേവിച്ചു.
ഹൃദയപേശികള്‍ക്ക് ബലഹീനത ബാധിച്ച ഒമ്പതു വയസുകാരിയിലാണ് ഹൃദയങ്ങളില്‍ ഒന്ന് മാറ്റിവെച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ കൃത്രിമ പമ്പ് ഘടിപ്പിച്ചാണ് ബാലികയുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ പമ്പിനെ പൂര്‍ണമായും ആശ്രയിക്കാന്‍ കഴിയാത്തതിനാല്‍ ഹൃദയദാതാവിനെ കാത്ത് ബാലിക ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനും യു.എ.ഇയിലെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡൊണേഷന്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യുവും (ഹയാത്ത്) ഏകോപനം നടത്തി ബാലികക്ക് പൊരുത്തപ്പെടുന്ന ദാതാവിനെ കണ്ടെത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അബുദുബി ക്ലെവ്‌ലാന്റ് ക്ലിനിക്കിലെത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച രോഗിയില്‍ നിന്ന് ഹൃദയം നീക്കം ചെയ്ത് വ്യോമമാര്‍ഗം റിയാദ് എയര്‍പോര്‍ട്ടിലും അവിടെ നിന്ന് ആംബുലന്‍സില്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലുമെത്തിച്ച് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഹൈര്‍ അല്‍ഹലീസിന്റെ നേതൃത്വത്തില്‍ ബാലികക്ക് വിജയകരമായി ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഇതേസമയം കിംഗ് ഫൈസല്‍ ആശുപത്രിയില്‍ നിന്നുള്ള മറ്റൊരു മെഡിക്കല്‍ സംഘം ജിദ്ദയില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്ന് ഹൃദയം നീക്കം ചെയ്ത് വ്യോമമാര്‍ഗം റിയാദിലെത്തിച്ച് നാല്‍പതുകാരനായ രോഗിക്ക് വിജയകരമായി ഹൃദയമാറ്റിവെക്കല്‍ ഓപ്പറേഷന്‍ നടത്തി. കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതെറാസിക് സര്‍ജനും കിംഗ് ഫൈസല്‍ ആശുപത്രിയിലെ ഹൃദയമാറ്റിവെക്കല്‍ പ്രോഗ്രാം തലവനുമായ ഡോ. ഫറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.
41 കാരനായ രോഗിക്കാണ് മൂന്നാമത്തെ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഗ്രേഡ് നാല് ഹൃദയസ്തംഭനം അനുഭവപ്പെട്ട രോഗിക്ക് ഒരു വര്‍ഷം മുമ്പ് കൃത്രിമ പമ്പ് പിടിപ്പിച്ചിരുന്നു. റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ രോഗിയുമായി പൊരുത്തപ്പെടുന്ന, മസ്തിഷ്‌ക മരണം സംഭവിച്ച ദാതാവിനെ ലഭിച്ചതോടെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി രോഗിയില്‍ നിന്ന് ഹൃദയം നീക്കം ചെയ്ത് എത്തിക്കുകയും ഡോ. ഫറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിജയകരമായി ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ വിജയത്തില്‍ സമയം നിര്‍ണായക ഘടകമാണ്.
മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരം ദാതാവില്‍ നിന്ന് ഹൃദയം നീക്കം ചെയ്യുന്നതിനും രോഗിയില്‍ ഹൃദയം മാറ്റിവെക്കുന്നതിനും ഇടയിലെ സമയം അഞ്ചു മണിക്കൂര്‍ കവിയാന്‍ പാടില്ല. മസ്തിഷ്‌ക മരണം സംഭവിച്ച ദാതാവ് സൗദിയിലെ മറ്റു പ്രവിശ്യകളിലോ രാജ്യത്തിന് പുറത്തോ ആകുന്ന സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ നടപടിക്രമത്തിലെ സങ്കീര്‍ണതകള്‍ക്കു പുറമെ ഇത് ലോജിസ്റ്റിക്കല്‍ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഓരോ മിനിറ്റിന്റെയും കാലതാമസം ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
ഹൃദയം മാറ്റിവെക്കല്‍ ഒരു മെഡിക്കല്‍ നടപടിക്രമം മാത്രമല്ല, നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കല്‍, മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടല്‍, രണ്ടു രാജ്യങ്ങളിലെയും വ്യത്യസ്ത പ്രവിശ്യകളിലെയും മെഡിക്കല്‍, ഫീല്‍ഡ് ടീമുകള്‍ തമ്മിലെ ഏകോപനം എന്നിവ ഉള്‍പ്പെടുന്ന സഹകരണത്തിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ്.
ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു ഹൃദയശസ്ത്രക്രിയള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തിലൂടെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ഓപ്പറേഷനുകള്‍ നടത്തുന്നതിലും വ്യത്യസ്ത വെല്ലുവിളികള്‍ തരണം ചെയ്യുന്നതിലുമുള്ള ഉയര്‍ന്ന ശേഷികള്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി വീണ്ടും സ്ഥിരീകരിക്കുകയാണ്. മധ്യപൗരസ്ത്യദേശത്തെയും ആഫ്രിക്കയിലെയും ഒന്നാമെത്തയും ആഗോള തലത്തില്‍ ഇരുപതാമെത്തെയും മികച്ച ആശുപത്രിയായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.