ജിദ്ദ – സൗദിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവർക്ക് മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ നിര്‍ബന്ധിക്കാനാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ ആശുപത്രികള്‍ പാലിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ നിരീക്ഷിച്ച് ഉറപ്പുവരുത്തും.
ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൗണ്‍സിലിന്റെ പുതിയ തീരുമാനം.

സൗദിയില്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ സ്വകാര്യ മേഖലാ ജീവനക്കാരുടെയും ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കാനാകില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിലൂടെ അനിവാര്യ സാഹചര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഒരു കോടിയിലേറെ വരുന്ന വിദേശികള്‍ക്ക് സാധിക്കും.
ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്. നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ വീട്ടുവേലക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു.