ദുബായ് – ജനുവരി ഒന്നു മുതല്‍ യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. നിലവില്‍ അബുദാബിയിലും ദുബായിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തിലുണ്ട്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ അടക്കം രാജ്യത്തെങ്ങുമുള്ള സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ജനുവരി ഒന്നു മുതല്‍ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മാനവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖല ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികളള്‍ക്കും പുതിയ റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കാനും പുതുക്കാനും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ബാധകമായിരിക്കും. 2024 ജനുവരി ഒന്നിനു മുമ്പ് നല്‍കിയ സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമല്ല. അവരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുമ്പോള്‍ മാത്രമേ ഇത് നിര്‍ബന്ധമാക്കൂ.
പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്. തൊഴില്‍ ദാതാക്കള്‍ക്ക് ഒന്നുകില്‍ പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്‌വര്‍ക്ക് വഴിയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പൂള്‍ വെബ്സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും രാജ്യത്തുടനീളമുള്ള ബിസിനസ്സ് സേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ വിവിധ ചാനലുകള്‍ വഴി അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നോ വാങ്ങാവുന്നതാണ്. നാമമാത്രമായ ചികിത്സാ ചെലവുകളോടെ മത്സരാധിഷ്ഠിത നിരക്കില്‍ ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കുമെന്ന് മന്ത്രാലയം പറഞ്ഞു.
പോളിസിക്ക് രണ്ട് വര്‍ഷ സാധുതയുണ്ടാകും. വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം റീഫണ്ട് ചെയ്യാവുന്നതാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹം ആണ് നിരക്ക്. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് കാത്തിരിപ്പ് കാലയളവ് ബാധകമല്ല. ഒരു വയസ് മുതല്‍ 64 വയസ് വരെ പ്രായമുള്ള വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. ഇതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ തങ്ങളുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ വെളിപ്പെടുത്തല്‍ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുകയും സമീപകാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അറ്റാച്ച് ചെയ്യുകയും വേണം.
അഡ്മിറ്റ് ചെയ്തുള്ള കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ ചികിത്സാ ചെലവിന്റെ 20 ശതമാനം വഹിക്കണം. ഒരു സന്ദര്‍ശനത്തിന് മരുന്നുകള്‍ ഉള്‍പ്പെടെ പരമാവധി 500 ദിര്‍ഹം ആണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളയാള്‍ ഇങ്ങിനെ നല്‍കേണ്ടത്. വര്‍ഷത്തില്‍ പരമാവധി 1,000 ദിര്‍ഹം മാത്രമേ ഇങ്ങിനെ വഹിക്കേണ്ടതുള്ളൂ. ഈ പരിധികള്‍ക്കപ്പുറം, ചികിത്സാ ചെലവിന്റെ 100 ശതമാനവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.
കിടത്തി ചികിത്സ ആവശ്യമില്ലാത്ത ഔട്ട്പേഷ്യന്റ് പരിചരണത്തിന് ചികിത്സാ ചെലവിന്റെ 25 ശതമാനമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളയാള്‍ വഹിക്കേണ്ടത്. ഓരോ സന്ദര്‍ശനത്തിനും പരമാവധി 100 ദിര്‍ഹമാണ് ഇങ്ങിനെ നല്‍കേണ്ടത്. അതേ മെഡിക്കല്‍ അവസ്ഥക്ക് ഏഴു ദിവസത്തിനുള്ളില്‍ ആശുപത്രിയെ സമീപിക്കുന്നവര്‍ ചികിത്സാ ഫീസ് വിഹിതം വഹിക്കേണ്ട ആവശ്യമില്ല. മരുന്നുകള്‍ക്കുള്ള കോ-പേയ്മെന്റുകള്‍ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ ഇനത്തില്‍ വഹിക്കേണ്ട കോ-പെയ്‌മെന്റിന്റെ വാര്‍ഷിക പരിധി 1,500 ദിര്‍ഹം ആണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ശൃംഖലയില്‍ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും 45 ഫാര്‍മസികളും ഉള്‍പ്പെടുന്നു. തൊഴിലാളിയുടെ കുടുംബത്തില്‍ നിന്നുള്ള ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ വ്യക്തമാക്കിയിട്ടുള്ള അതേ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി), ആരോഗ്യ മന്ത്രാലയം, മാനവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
എല്ലാ തൊഴിലാളികള്‍ക്കും സമഗ്രമായ സംരക്ഷണ സംവിധാനം ഏര്‍പ്പെടുത്താനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പ്രതിഫലിപ്പിക്കുന്നതെന്ന് മാനവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയത്തില്‍ ലേബര്‍ മാര്‍ക്കറ്റ് ആന്റ് എമിറൈറ്റേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ അല്‍ഖൂരി പറഞ്ഞു. ഇത് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കും. തൊഴിലാളി സംരക്ഷണ പദ്ധതി, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി, സേവിംഗ്സ് സ്‌കീം എന്നറിയപ്പെടുന്ന സ്വമേധയാ ഉള്ള ബദല്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ബെനിഫിറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന സംയോജിത സാമൂഹിക സുരക്ഷാ സംവിധാനം വികസിപ്പിക്കാനുള്ള സമഗ്രമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഈ ശ്രമങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും എല്ലാ തൊഴിലാളികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തിന്റെ തൊഴില്‍ വിപണിയുടെ മത്സരക്ഷമതയില്‍ ഗുണപരമായ സ്വാധീനം ചെലുത്തുകയും ജീവിത നിലവാരം, അവകാശ സംരക്ഷണം, സാമൂഹിക പരിരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത തൊഴിലാളികള്‍ സാധാരണയായി വഹിക്കേണ്ടിവരുന്ന ചികിത്സാ ചെലവ്, ശമ്പളരഹിത രോഗാവധി എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറക്കുന്നതിലൂടെ ഇത് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനം ചെയ്യുമെന്നും ഖലീല്‍ അല്‍ഖൂരി പറഞ്ഞു.