ബെയ്‌റൂത്ത് – അഞ്ചു മാസം മുമ്പ് ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ അതിശക്തമായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി. ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ല നേതൃസ്ഥാനം ഏറ്റെടുത്ത ഹാശിം സ്വഫിയുദ്ദീനും ഇതോടൊപ്പം ഔദ്യോഗികമായി വിട ചൊല്ലി. 2024 സെപ്റ്റംബര്‍ 27 ന് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തെ ഹാറ ഹരീക് പ്രദേശത്തെ ഭൂഗര്‍ഭ ആസ്ഥാനം ടണ്‍ കണക്കിന് ബോംബുകള്‍ തുടരെതുടരെ വര്‍ഷിച്ചാണ് 64 വയസുകാരനായ നസ്‌റല്ലയെ ഇസ്രായില്‍ കൊലപ്പെടുത്തിയത്.
ദക്ഷിണ ബെയ്‌റൂത്തിലെ കമീല്‍ ശമോണ്‍ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ പുലര്‍ച്ചെ മുതല്‍ കറുത്ത വസ്ത്രം ധരിച്ച് നസ്‌റല്ലയുടെ ഫോട്ടോകളും ഹിസ്ബുല്ലയുടെ മഞ്ഞ പതാകകളും ഉയര്‍ത്തിപ്പിടിച്ച് പതിനായിരക്കണക്കിന് പാര്‍ട്ടി അനുഭാവികള്‍ തിങ്ങിനിറഞ്ഞു. 55,000 സീറ്റ് ശേഷിയുള്ള സ്‌റ്റേഡിയത്തിലെ ഗാലറികള്‍ നിറഞ്ഞുകവിഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു.
ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ചുറ്റും സംഘാടകര്‍ ഇരുപതിനായിരത്തിലേറെ കസേരകള്‍ സ്ഥാപിച്ചിരുന്നു. അവയില്‍ ഭൂരിഭാഗവും നിറഞ്ഞിരുന്നു. ബാക്കിയുള്ള സീറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും വിദേശ പ്രതിനിധി സംഘങ്ങള്‍ക്കും വേണ്ടി നീക്കിവെച്ചു. ഇറാന്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖലീബാഫും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും അടക്കമുള്ള വിദേശ പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തിന്റെ പുറം ചത്വരങ്ങളില്‍ പുരുഷന്മാര്‍ക്ക് 35,000 സീറ്റുകളും സ്ത്രീകള്‍ക്ക് 25,000 സീറ്റുകളും നീക്കിവെച്ചു. അവയും ക്രമേണ ഹിസ്ബുല്ല പിന്തുണക്കാരെ കൊണ്ട് നിറഞ്ഞു.
തന്റെ മുന്‍ഗാമിയുടെ കാലടികള്‍ പിന്തുടരുമെന്ന് ചടങ്ങിനിടെ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം പ്രതിജ്ഞ ചെയ്തു. എന്റെ യജമാനനേ, ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു, നിങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യുന്നു, പക്ഷേ നിങ്ങളുടെ സമീപനം, അധ്യാപനങ്ങള്‍, ചെറുത്തുനില്‍പ്, പ്രയാണ പാത, പോരാട്ടം എന്നിവയിലൂടെ നിങ്ങള്‍ ഞങ്ങളില്‍ എന്നെന്നും നിലനില്‍ക്കും – നഈം ഖാസിം പ്രസംഗത്തില്‍ പറഞ്ഞു.

സ്പോര്‍ട്സ് സിറ്റിക്കകത്തും അതിന്റെ ചുവരുകളിലും സംഘാടകര്‍ നസ്റല്ലയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാര്‍ട്ടി സെക്രട്ടറി ജനറലായ ഹാശിം സ്വഫിയുദ്ദീന്റെയും കൂറ്റന്‍ ചിത്രങ്ങള്‍ ഉയര്‍ത്തി. 2024 ഒക്‌ടോബര്‍ മൂന്നിന് ബെയ്റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടത്.
ഹസന്‍ നസ്‌റല്ലയുടെ മയ്യിത്ത് സംസ്‌കരിച്ചതോടെ ലോകം ഇന്ന് കൂടുതല്‍ മെച്ചപ്പെട്ടതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് നസ്‌റല്ലയുടെ മയ്യിത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ബെയ്‌റൂത്തിനും ദക്ഷിണ പ്രാന്തപ്രദേശങ്ങള്‍ക്കും മുകളിലൂടെ ഇസ്രായിലി യുദ്ധ വിമാനങ്ങള്‍ താഴ്ന്ന ഉയരത്തില്‍ പറന്നു. ഇതേ തുടര്‍ന്ന്, സംസ്‌കാര ചടങ്ങില്‍ സംസാരിച്ച പ്രഭാഷകരില്‍ ഒരാള്‍ നിങ്ങളുടെ പരാജയപ്പെട്ട വിമാനങ്ങളുടെ ശബ്ദങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുകയില്ല എന്ന് പറഞ്ഞു. ഇതിനു പിന്നാലെ പതിനായിരക്കണക്കിന് ആളുകള്‍ ഇസ്രായേലിന് മരണം എന്ന് ആര്‍ത്തുവിളിച്ചു.
ചടങ്ങിനു ശേഷം വിമാനത്താവളത്തിലേക്കുള്ള രണ്ടു റോഡുകള്‍ക്കിടയിലുള്ള സ്ഥലത്ത് നസ്‌റല്ലക്ക് പുതുതായി നിശ്ചയിച്ച ശ്മശാന സ്ഥലത്തേക്ക് വിലാപയാത്രക്കാര്‍ നടന്നു പോയി. ഹാശിം സ്വഫിയുദ്ദീന്റെ മയ്യിത്ത് ദക്ഷിണ ലെബനോനിലേക്ക് മാറ്റും. ജന്മനാടായ ദെയ്ര്‍ ഖാനൂന്‍ അല്‍നഹറില്‍ നാളെ (തിങ്കളാഴ്ച) മയ്യിത്ത് മറവു ചെയ്യും. ഇസ്രായിലിനെതിരായ പ്രതിരോധം തുടരുമെന്ന് ഇറാന്‍ പരമോന്നത ആത്മായ നേതാവ് അലി ഖാംനഇ നസ്റല്ലയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നടല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. അനീതിക്കും ധാര്‍ഷ്ട്യത്തിനും എതിരായ ചെറുത്തുനില്‍പ് അവസാനിക്കില്ലെന്നും ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരുമെന്നും ശത്രു അറിയണമെന്ന് ഇസ്രായിലിനെ പരാമര്‍ശിച്ച് അലി ഖാംനഇ പറഞ്ഞു.
ഇന്ന് രാവിലെ ദക്ഷിണ ലെബനോനില്‍ നിരവധി റെയ്ഡുകള്‍ നടത്തി ഇസ്രായില്‍ സംസ്‌കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തി. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ലയുടെ മിസൈല്‍ ലോഞ്ചറുകളും ആയുധങ്ങളും സൂക്ഷിച്ചിരുന്ന സൈനിക കേന്ദ്രവും ഇസ്രായില്‍ സിവിലിയന്മാര്‍ക്ക് ആസന്നമായ ഭീഷണി ഉയര്‍ത്തുന്ന മിസൈല്‍ ലോഞ്ചറുകളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ പറഞ്ഞു. ഹിസ്ബുല്ല ലെബനോനിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച സിറിയ-ലെബനോന്‍ അതിര്‍ത്തിയിലെ ക്രോസിംഗുകള്‍ ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണങ്ങള്‍ നടത്തിയതായും ഇസ്രായില്‍ പറഞ്ഞു.
നവംബര്‍ 27 ന് വെടിനിര്‍ത്തലോടെ അവസാനിച്ച, ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിനു ശേഷം ഹിസ്ബുല്ല നടത്തുന്ന ആദ്യത്തെ പൊതുപരിപാടിയാണ് പാര്‍ട്ടി നേതാക്കളുടെ സംസ്‌കാരം. യുദ്ധത്തെ തുടര്‍ന്ന് ഹിസ്ബുല്ല രാഷ്ട്രീയമായും സൈനികമായും ദുര്‍ബലമായി. സംസ്‌കാര ചടങ്ങുകളില്‍ വലിയ തോതില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അനുയായികളോട് നഈം ഖാസിം ആഹ്വാനം ചെയ്തിരുന്നു. സംസ്‌കാര ചടങ്ങിനെ തല ഉയര്‍ത്തിപ്പിടിച്ച് പിന്തുണയുടെയും സമീപനത്തിന്റെയും പ്രകടനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നതായി നഈം ഖാസിം പറഞ്ഞു.
ഇസ്രായില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്ത ശേഷം അജ്ഞാത സ്ഥലത്ത് നസ്‌റല്ലയുടെ മയ്യിത്ത് താല്‍ക്കാലികമായി അടക്കം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി ഒരു വലിയ സംസ്‌കാര ചടങ്ങ് സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതു വരെ യുദ്ധം അതിരൂക്ഷമായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഔദ്യോഗിക, ജനകീയ പങ്കാളിത്തത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തല്‍ അസാധ്യമായിരുന്നു.
സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലെബനീസ് നേതാക്കളോട് ഹിസ്ബുല്ല ആഹ്വാനം ചെയ്തിരുന്നു. ഏകദേശം 79 രാജ്യങ്ങളില്‍ നിന്നുള്ള, ജനകീയവും ഔദ്യോഗികവുമായ പങ്കാളിത്തം ഉള്‍പ്പെടെ ലെബനീസ് നേതാക്കളും വിദേശ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു. ഇറാനില്‍ നിന്നും മറ്റു ചില രാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നതതല വ്യക്തികളും ചടങ്ങുകളില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു.
ആയിരക്കണക്കിന് ഹിസ്ബുല്ല അംഗങ്ങളുടെയും ലെബനീസ് സുരക്ഷാ സേനയുടെയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് സംസ്‌കാര ചടങ്ങ് നടന്നത്. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ബെയ്‌റൂത്ത് എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സംസ്‌കാര സ്ഥലത്തേക്കുള്ള റോഡുകളില്‍ ആരോഗ്യ സംഘങ്ങള്‍, മൊബൈല്‍ ആശുപത്രികള്‍, രക്ഷാപ്രവര്‍ത്തകര്‍, അഗ്നിശമന സേനകള്‍ എന്നിവരെ വിന്യസിച്ചു. ബെയ്‌റൂത്തിന് പുറത്തുനിന്നുള്ളവരുടെ കാറുകള്‍ക്കായി പ്രത്യേക പാതകളും പാര്‍ക്കിംഗ് സ്ഥലങ്ങളും നീക്കിവെച്ചു. സ്പോര്‍ട്സ് സിറ്റിക്ക് ചുറ്റുമുള്ള സഞ്ചാരം കാല്‍നടക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.