ടെഹ്റാൻ- ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ വധവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, ഹനിയ്യ കൊല്ലപ്പെട്ട തെഹ്‌റാനിലെ സൈനിക നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള 20 ലേറെ ഉദ്യോഗസ്ഥരെ ഇറാന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇസ്മായില്‍ ഹനിയ്യയുടെ വധത്തിലേക്ക് നയിച്ച ഭീകരവും അപമാനകരവുമായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വന്തം രാജ്യത്തെയോ അതിന്റെ പ്രധാന സഖ്യകക്ഷികളെയോ സംരക്ഷിക്കാന്‍ ഇറാന് കഴിയില്ലെന്ന വിശ്വാസം ഇറാന്‍ ഭരണകൂടത്തിന് മാരകമായേക്കാമെന്നും, ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിയുന്നില്ലെങ്കിലും അതിന്റെ ശിരച്ഛേദം ചെയ്യാമെന്ന് ഇറാന്റെ ശത്രുക്കള്‍ക്ക് ഇത് ഉറപ്പുനല്‍കുന്നതായും ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് ഡയറക്ടര്‍ അലി ഫായിസ് പറഞ്ഞു.
ഇസ്മായില്‍ ഹനിയ്യ എത്തുന്നതിന് രണ്ടു മാസം മുമ്പ് ഗസ്റ്റ് ഹൗസിലെ മുറിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് മധ്യപൗരസ്ത്യദേശത്തെയും ഇറാനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാരവൃത്തിയില്‍ വിദഗ്ധരായ റെവല്യൂഷനറി ഗാര്‍ഡിന്റെ രഹസ്യാന്വേഷണ വിഭാഗം ഹനിയ്യ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ഇതിന് സഹായിക്കുകയും ചെയ്ത സംഘത്തിലെ അംഗങ്ങളെ കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയുമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഫലങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചതിനു പിന്നാലെയാണ് 20 ലേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റുകളെ കുറിച്ചോ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ റെവല്യൂഷനറി ഗാര്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ ചെയ്തതു പോലെ ഹനിയ്യ വധത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് റെവല്യൂഷനറി ഗാര്‍ഡ് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഹനിയ്യ വധത്തിന് തിരിച്ചടിയെന്നോണം ഇസ്രായിലിനെ ആക്രമിക്കാന്‍ അലി ഖാംനഇ ഉത്തരവിട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി ഇറാനും ഇസ്രായിലും രഹസ്യ യുദ്ധത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്‌രി സാദ അടക്കം ഇറാനില്‍ ഒരു ഡസനിലേറെ ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ഇസ്രായില്‍ വധിച്ചിട്ടുണ്ട്. 2020 ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന റോബോട്ട് ഉപയോഗിച്ചാണ് മുഹ്‌സിന്‍ ഫഖ്‌രി സാദയെ ഇസ്രായില്‍ വധിച്ചത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇസ്രായില്‍ അട്ടിമറിക്കുകയും ഗ്യാസ് പൈപ്പ്‌ലൈനുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഓരോ ആക്രമണത്തിനു ശേഷവും ഇറാന്‍ ആഞ്ഞടിക്കുകയും കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇസ്രായില്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒരു സൈനിക കമാന്‍ഡറെ അറസ്റ്റ് ചെയ്യുകയും ഉന്നത ഇന്റലിജന്‍സ് മേധാവിയെ പുറത്താക്കുകയും ചെയ്തിരുന്നു. ഇസ്രായിലി ചാരശൃംഖല കണ്ടെത്തിയതായി പലതവണ ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്‍ ശാസ്ത്രജ്ഞരെ അനുദിനം വധിക്കുകയും പ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന മൊസാദില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ശൃംഖല തകര്‍ത്ത് നശിപ്പിക്കുന്നതില്‍ ഇറാന്‍ വിജയിച്ചതായി ഹനിയ്യ വധത്തിന് നാലു ദിവസം മുമ്പ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ അല്‍ഖതീബ് പറഞ്ഞു. വൈകാതെയുണ്ടായ ഹനിയ്യ വധം ഇറാനെ ഞെട്ടിച്ചു.
ആക്രമണത്തിനു ശേഷം ഇറാനിയന്‍ സുരക്ഷാ ഏജന്റുമാര്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഗസ്റ്റ് ഹൗസ് കോംപൗണ്ടില്‍ റെയ്ഡ് നടത്തി. തെഹ്‌റാന്‍ സന്ദര്‍ശന വേളകളില്‍ ഗസ്റ്റ് ഹൗസിലെ ഒരേ മുറിയിലാണ് ഹനിയ്യ താമസിച്ചിരുന്നത്. ഗസ്റ്റ് ഹൗസിലെ മുഴുവന്‍ ജീവനക്കാരെയും ഏജന്റുമാര്‍ കസ്റ്റഡിയിലെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും വ്യക്തിഗത ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. തലസ്ഥാനമായ തെഹ്‌റാന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പ്രത്യേക ഏജന്റുമാരുടെ സംഘം ചോദ്യം ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കൂട്ടത്തില്‍ പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുരക്ഷാ ഏജന്റുമാര്‍ ഗസ്റ്റ് ഹൗസ് സമുച്ചയത്തിലെ ഓരോ ഇഞ്ചും നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളും അതിഥികളുടെ ലിസ്റ്റും ജീവനക്കാരുടെ പോക്കുവരവുകളും സൂക്ഷ്മമായി പരിശോധിച്ചു. തെഹ്‌റാനിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലും അന്വേഷണം കേന്ദ്രീകരിച്ചു. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഹാളുകളിലെ നിരീക്ഷണ ക്യാമറകള്‍ മാസങ്ങളോളം പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിച്ചു. ഫ്‌ളൈറ്റ് മാനിഫെസ്റ്റുകളും ഏജന്റുമാര്‍ പരിശോധിച്ചു.
മൊസാദ് കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോഴും രാജ്യത്തിനകത്തുണ്ടെന്ന് ഇറാന്‍ വിശ്വസിക്കുന്നു. അവരെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ മാറ്റിയിട്ടുണ്ട്. ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
ഇറാന് സുരക്ഷാ ഏജന്റുമാരെ ഉപയോഗിച്ചാണ് ഇസ്മായില്‍ ഹനിയ്യ താമസിച്ചിരുന്ന മൂന്നു വ്യത്യസ്ത മുറികളില്‍ മൊസാദ് ബോംബുകള്‍ സ്ഥാപിച്ചത്. മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അനന്തര ചടങ്ങുകള്‍ക്കിടെ കഴിഞ്ഞ മേയില്‍ ഹനിയ്യയെ വധിക്കാനാണ് മൊസാദ് യഥാര്‍ഥത്തില്‍ പദ്ധതിയിട്ടിരുന്നത്. കെട്ടിടത്തിനകത്തെ വന്‍ ജനക്കൂട്ടം കാരണവും പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്തും അന്ന് ആക്രമണ പദ്ധതി നടപ്പാക്കാതിരിക്കുകയായിരുന്നു. ഇതിനു പകരം ഹനിയ്യ താമസിക്കാനിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളില്‍ മൊസാദ് ഏജന്റുമാര്‍ ബോംബുകള്‍ സ്ഥാപിക്കുകയായിരുന്നു. മൊസാദ് ഏജന്റുമാര്‍ രാജ്യത്തു നിന്ന് പുറത്തുകടന്നിട്ടുണ്ട്. എങ്കിലും ഇവരുടെ ഉറവിടം ഇറാനിലുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ഹനിയ്യ താമസിച്ച മുറിയിലെ ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മൊസാദ് ഏജന്റുമാര്‍ പൊട്ടിക്കുകയായിരുന്നു.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴില്‍ ഉന്നത നേതാക്കളുടെ സംരക്ഷണ ചുമതയുള്ള വിഭാഗത്തില്‍ നിന്നുള്ള ഏജന്റുമാരെ ഇറാന്‍ വാടകക്കെടുത്തതായി പൂര്‍ണ ബോധ്യമുണ്ടെന്നും വിശദമായ അന്വേഷണത്തില്‍ ഗസ്റ്റ് ഹൗസിലെ രണ്ടു മുറികളില്‍ കൂടി ബോംബുകള്‍ കണ്ടെത്തിയതായും നാഷണല്‍ ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്റെ തലസ്ഥാനത്ത് ഹനിയ്യ വധിക്കപ്പെട്ടത് ഇറാനുള്ളിലെ ഇസ്രായിലിന്റെ സ്വാധീനത്തെ കുറിച്ച ആശങ്കകള്‍ വര്‍ധിപ്പിച്ചു. പുതിയ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ദിവസമാണ് ഇസ്മായില്‍ ഹനിയ്യ തെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടത്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ.