ഗാസ – 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയ മൂന്നു ഇസ്രായിലികളെ കൂടി ഹമാസ് ഇന്ന് രാവിലെ വിട്ടയച്ച് റെഡ് ക്രോസിന് കൈമാറി. ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ വെച്ചാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ഇസ്രായില്‍-റഷ്യന്‍ പൗരന്‍ സാഷ ട്രൂപനോവ്, ഇസ്രായിലി-അമേരിക്കന്‍ പൗരന്‍ സാഗുയി ഡെക്കല്‍-ചെന്‍, ഇസ്രായിലി-അര്‍ജന്റീനിയന്‍ പൗരന്‍ യെയര്‍ ഹോണ്‍ എന്നിവര്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെ 369 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയക്കാന്‍ തുടങ്ങി. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഹമാസും ഇസ്രായിലും നടത്തുന്ന ആറാമത്തെ ബന്ദി, തടവുകാരുടെ കൈമാറ്റമാണിത്.
ചര്‍ച്ചകളിലൂടെയും വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചുകൊണ്ടുമല്ലാതെ ബന്ദികളെ മോചിപ്പിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ആറാമത്തെ ബാച്ച് ശത്രു തടവുകാരുടെ മോചനം സ്ഥിരീകരിക്കുന്നതായി ഹമാസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക്മാറ്റിപ്പാര്‍പ്പിക്കാനും ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കാനുമുള്ള ട്രംപിന്റെ ആഹ്വാനങ്ങളോടുള്ള തങ്ങളുടെ പ്രതികരണമാണിതെന്നും ഹമാസ് പറഞ്ഞു.
വിട്ടയച്ച ഇസ്രായിലികളെ കൈമാറ്റ വേളയില്‍ സംസാരിക്കാന്‍ അനുവദിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ തുടരാനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും ആവശ്യമായതെല്ലാം ചെയ്യാന്‍ ഇവര്‍ ഇസ്രായില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ശേഷിക്കുന്ന ബന്ദികളെ നാം വിസ്മരിക്കരുത് – സാഷ ട്രൂപനോവ് പറഞ്ഞു. ശത്രു ബന്ദികളെ കൈമാറുന്ന പ്രക്രിയയില്‍ ജറൂസലമിന്റെയും മസ്ജിദുല്‍ അഖ്സയുടെയും ഫോട്ടോയും ജനക്കൂട്ടത്തിന്റെ സാന്നിധ്യവും ഇസ്രായിലിനും ഇസ്രായിലിനെ പിന്തുണക്കുന്നവര്‍ക്കുമുള്ള സന്ദേശമാണെന്ന് ഹമാസ് പറഞ്ഞു.
മുഴുവന്‍ ബന്ദികളെയും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ അമേരിക്കയുമായി പൂര്‍ണ ഏകോപനമുണ്ടെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. കരാര്‍ ലംഘിക്കാന്‍ ഹമാസ് ശ്രമിച്ചു, പക്ഷേ, അതില്‍ നിന്ന് പിന്നീട് അവര്‍ പിന്മാറി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ കാരണം ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് തുടര്‍ന്നു. ഇനി വരാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇസ്രായില്‍ പൂര്‍ണമായും തയ്യാറാണ് – നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ് ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 251 പേരില്‍ 73 പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളാണ്. ഇക്കൂട്ടത്തില്‍ 35 പേര്‍ മരണപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് വിട്ടയച്ച ഫലസ്തീന്‍ തടവുകാരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 തടവുകാരും ഉള്‍പ്പെടുന്നു. ഇസ്രായിലിന്റെ ആവശ്യ പ്രകാരവും കൊല്ലപ്പെടാനോ വീണ്ടും അറസ്റ്റിലാകാനോ ഉള്ള സാധ്യത മുന്നില്‍ കണ്ടും ഇക്കൂട്ടത്തില്‍ 24 പേരെ മറ്റു രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായില്‍ വിട്ടയച്ച നാലു തടവുകാരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഫലസ്തീന്‍ റെഡ് ക്രസന്റിനെ ഉദ്ധരിച്ച് ഫലസ്തീന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെക്കുമെന്ന് ഹമാസും യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായിലും ഭീഷണികള്‍ മുഴക്കിയതിനെ തുടര്‍ന്ന് ഇസ്രായേലി ബന്ദികളുടെയും ഫലസ്തീന്‍ തടവുകാരുടെയും കൈമാറ്റം തുടരുന്നതിന് ഈജിപ്തും ഖത്തറും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിക്കുന്നതിനും രണ്ടാം ഘട്ടം സാക്ഷ്യം വഹിക്കുമെന്ന് കരുതപ്പെടുന്നു. ഐക്യരാഷ്ട്രസഭ 5,300 കോടിയിലേറെ ഡോളര്‍ ചെലവ് കണക്കാക്കുന്ന ഗാസ പുനര്‍നിര്‍മാണമാണ് കരാറിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ നടക്കുക. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്ച ആദ്യം ആരംഭിക്കുമെന്നും മധ്യസ്ഥര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഹമാസ് നേതാവ് താഹിര്‍ അല്‍നൂനു ഇന്നലെ പറഞ്ഞു. ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങളും കരാറിലെ എല്ലാ നിബന്ധനകളും നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും താഹിര്‍ അല്‍നൂനു പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രായിലില്‍ 1,211 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗാസയില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ബന്ദികളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഹമാസ് ആക്രമണത്തിന് തിരിച്ചടിയെന്നോണം ഗാസയില്‍ ഇസ്രായില്‍ നടത്തിയ യുദ്ധത്തില്‍ കുറഞ്ഞത് 48,222 പേര്‍ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.