കയ്റോ – ഇസ്രായില്‍ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളില്‍ ഒടുവിലത്തെയാളാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ യഹ്‌യ അല്‍സിന്‍വാര്‍. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ മുഖ്യസൂത്രധാരനായി ഇസ്രായില്‍ കണക്കാക്കുന്ന യഹ്‌യ അല്‍സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇന്നലെ രാത്രിയാണ് ഇസ്രായില്‍ സ്ഥിരീകരിച്ചത്. ഇതിനു മുമ്പ് നിരവധി മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. യഹ്‌യ അല്‍സിന്‍വാറിനെ കൊലപ്പെടുത്തിയെങ്കിലും യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
യഹ്‌യ അയ്യാശ്
ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാണ്ടറായിരുന്ന യഹ്‌യ അയ്യാശ് 1996 ജനുവരി അഞ്ചിനാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണ്‍ സ്‌ഫോടനത്തിലൂടെയാണ് ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ സേന (ഷിന്‍ ബിറ്റ്) എന്‍ജിനീയര്‍ എന്നറിയപ്പെട്ടിരുന്ന യഹ്‌യ അയ്യാശിനെ വധിച്ചത്.
സ്വലാഹ് ശഹാദ
ഹമാസ് സൈനിക വിഭാഗം സ്ഥാപകനായ സ്വലാഹ് ശഹാദ 2002 ജൂലൈ 22 ന് ഗാസയില്‍ കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ശഹാദയുടെ ഭാര്യയും മകളും മറ്റു എട്ടു കുട്ടികളും അടക്കം 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്മായില്‍ അബൂശനബ്
ഹമാസ് സ്ഥാപകരില്‍ ഒരാളും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമായ ഇസ്മായില്‍ അബൂശനബ് 2003 ഓഗസ്റ്റ് 22 ന് അദ്ദേഹത്തിന്റെ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അഹ്മദ് യാസീന്‍
ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെ 2004 ല്‍ ആണ് ഇസ്രായില്‍ കൊലപ്പെടുത്തിയത്. 2004 മാര്‍ച്ച് 22 ന് ഗാസയിലെ മസ്ജിദില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങിയ ഉടനെയാണ് വീല്‍ചെയര്‍ സഞ്ചാരിയായ ശൈഖ് അഹ്മദ് യാസീനെ ഇസ്രായില്‍ ഹെലികോപ്റ്റര്‍ ആക്രമണത്തിലൂടെ വധിച്ചത്.
അബ്ദുല്‍ അസീസ് അല്‍റന്‍തീസി
ശൈഖ് അഹ്മദ് യാസീന്റെ പിന്‍ഗാമിയായി ഹമാസ് നേതൃത്വ ചുമതല ഏറ്റെടുത്ത അബ്ദുല്‍ അസീസ് അല്‍റന്‍തീസിയെ ഒരു മാസത്തിനകം ഇസ്രായില്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. അതേവര്‍ഷം സെപ്റ്റംബറില്‍ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് തലവന്‍ സൈഖ് ഖലീല്‍ കാര്‍ ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടു.
നിസാര്‍ റയ്യാന്‍
ഹമാസിന്റെ പ്രധാന രാഷ്ട്രീയ, സൈനിക നേതാക്കളില്‍ ഒരാളായിരുന്ന നിസാര്‍ റയ്യാനെ 2009 ജനുവരി ഒന്നിന് ഇസ്രായില്‍ നടത്തിയ സൈനിക നടപടിക്കിടെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. ഈ ആക്രമണത്തില്‍ നിസാര്‍ റയ്യാന്റെ നാലു ഭാര്യമാരും 12 മക്കളില്‍ 10 പേരും കൊല്ലപ്പെട്ടു.
സഈദ് സിയാം
ആദ്യ ഹമാസ് ഗവണ്‍മെന്റില്‍ ആഭ്യന്തര മന്ത്രിയായിയിരുന്ന സഈദ് സിയാം 2009 ജനുവരി 15 ന് ആണ് ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫലസ്തീന്‍ പാര്‍ലമെന്റ് അംഗവും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായിരുന്നു സഈദ് സിയാം.
മഹ്മൂദ് അല്‍മബ്ഹൂഹ്
ഹമാസ് സൈനിക വിഭാഗം നേതാക്കളില്‍ ഒരാളായിരുന്ന മഹ്മൂദ് അല്‍ബ്ഹൂഹിനെ 2010 ജനുവരി 19 ന് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ പ്രവേശിച്ച ഇസ്രായിലി ഏജന്റുമാരാണ് കൊലപാതകത്തിനു പിന്നിലെന്ന് ഹമാസും യു.എ.ഇ പോലീസും ആരോപിച്ചു.
അഹ്മദ് അല്‍ജഅ്ബരി
അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഡെപ്യൂട്ടി കമാണ്ടന്‍ ഇന്‍ ചീഫ് അഹ്മദ് അല്‍ജഅ്ബരിയെ 2012 നവംബര്‍ 14 ന് കാറിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായില്‍ വധിക്കുകയായിരുന്നു. ഈ ആക്രമണത്തോടെ ഗാസയില്‍ ഫലസ്തീന്‍ സായുധ സംഘങ്ങള്‍ക്കെതിരെ ഇസ്രായില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചു.
2014 ഓഗസ്റ്റ് 21 ന് ദക്ഷിണ ഗാസയിലെ റഫയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടു. അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേതാക്കളായ മുഹമ്മദ് അബൂശമാല, റായിദ് അല്‍അത്താര്‍, മുഹമ്മദ് ബര്‍ഹൂം എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്വാലിഹ് അല്‍ആറൂരി
2023 ഒക്‌ടോബര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ക്കു ശേഷം 2024 ജനുവരി രണ്ടിന് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തെ കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ വൈസ് പ്രസിഡന്റ് സ്വാലിഹ് അല്‍ആറൂരി കൊല്ലപ്പെട്ടു. അല്‍ആറൂരിക്കൊപ്പം ഏതാനും കൂട്ടാളികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്മായില്‍ ഹനിയ്യ
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഇക്കഴിഞ്ഞ ജൂലൈ 31 ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയെ ഇസ്രായില്‍ കൊലപ്പെടുത്തിയത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്റെ അധികാരാരോഹണ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ ഇസ്മായില്‍ ഹനിയ്യയെ ഉത്തര തെഹ്‌റാനിലെ താമസസ്ഥലത്തു വെച്ചാണ് ഇസ്രായില്‍ കൊലപ്പെടുത്തിയത്. ആക്രമണത്തിനു പിന്നില്‍ ഇസ്രായിലാണെന്ന് ഇറാനും ഹമാസും ഹിസ്ബുല്ലയും ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹ്വസ്വദൂര മിസൈല്‍ ഉപയോഗിച്ച് താമസസ്ഥലത്തിനു നേരെ ആക്രമണം നടത്തിയാണ് ഹനിയ്യയെ വധിച്ചതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ആറു ദിവസത്തിനു ശേഷം ഓഗസ്റ്റിന് ആറിന് ആണ് ഇസ്മായില്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ അല്‍സിന്‍വാറിനെ ഹമാസ് തെരഞ്ഞെടുത്തത്. ഒക്‌ടോബര്‍ 17 ന് അല്‍സിന്‍വാറിനെയും ഇസ്രായില്‍ കൊലപ്പെടുത്തി.