റിയാദ് – ഗള്‍ഫ് ഭരണാധികാരികളും ഈജിപ്ഷ്യന്‍ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും പങ്കെടുക്കുന്ന യോഗം നാളെ റിയാദില്‍ നടക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആഹ്വാന പ്രകാരമാണ് യോഗം ചേരുന്നത്.
ഗള്‍ഫ്, ജോര്‍ദാന്‍, ഈജിപ്ഷ്യന്‍ നേതാക്കള്‍ വര്‍ഷങ്ങളായി ഇടക്കിടെ നടത്തുന്ന പ്രത്യേക സൗഹൃദ കൂടിക്കാഴ്ചയുടെ ഭാഗമായും ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ജോര്‍ദാനും തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിലക്ക് എട്ടു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ ഭാഗമായുമാണ് നാളെ നടക്കുന്ന യോഗം. ഈജിപ്തില്‍ നടക്കാനിരിക്കുന്ന അടിയന്തിര അറബ് ഉച്ചകോടിയുടെ അജണ്ടയുടെ ഭാഗമായ തീരുമാനങ്ങളാണ് റിയാദ് യോഗത്തില്‍ കൈക്കൊള്ളുക.
ഗാസയില്‍നിന്ന് ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഗാസയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളില്‍ അറബ് ലോകത്തിന്റെ ശക്തവും ഒറ്റക്കെട്ടായതുമായ നിലപാട് പ്രഖ്യാപിക്കാനും ഫലസ്തീനികളെ പുറത്താക്കാതെ ഗാസ പുനര്‍നിര്‍മാണത്തിന് ഈജിപ്ത് തയാറാക്കിയ ബദല്‍ പദ്ധതി വിശകലനം ചെയ്യാനുമാണ് അടുത്ത മാസം ആദ്യ വാരത്തില്‍ കയ്‌റോയില്‍ അടിയന്തിര അറബ് ഉച്ചകോടി ചേരുന്നത്.