കുവൈത്ത് സിറ്റി – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് കുവൈത്തില്‍ ചേര്‍ന്ന 45-ാമത് ഗള്‍ഫ് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസയില്‍ യുദ്ധക്കുറ്റങ്ങളും കൂട്ടക്കുരുതികളും കൂട്ട ശിക്ഷയും ഗാസ നിവാസികളെ കുടിയൊഴിപ്പിക്കുന്നതും അവസാനിപ്പിക്കണം. ആരോഗ്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളും അന്തര്‍ദേശീയ മാനുഷിക നിയമങ്ങളും ലംഘിക്കുന്നതും അവസാനിപ്പിക്കണം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് ഉറച്ചതാണ്. 1967 ജൂണിലെ അതിര്‍ത്തിയില്‍ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളുടെയും മേലുമുള്ള ഫലസ്തീന്‍ ജനതയുടെ പരമാധികാരത്തെയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും അഭയാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പിന്തുണക്കുന്നു.
ഗാസയില്‍ സിവിലിയന്മാരെ സംരക്ഷിക്കാനും യുദ്ധം അവസാനിപ്പിക്കാനും സുസ്ഥിരമായ പരിഹാരങ്ങള്‍ കൈവരിക്കാനും ഗൗരവത്തായ ചര്‍ച്ചകള്‍ സ്‌പോണ്‍സര്‍ ചെയ്യാനും അന്താരാഷ്ട്ര സമൂഹം ഇടപെടണം.
2024 നവംബര്‍ 11 ന് സൗദി അറേബ്യ ആതിഥേയത്വം വഹിച്ച അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു. അറബ് സമാധാന പദ്ധതിക്ക് അനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ സമാഹരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തെ നയിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനും ആഗോള തലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കാനുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങളെയും ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും ഖത്തര്‍ നടത്തിയ അഭിനന്ദനീയമായ മധ്യസ്ഥ ശ്രമങ്ങളെയും കുവൈത്ത് ജി.സി.സി ഉച്ചകോടി പ്രശംസിച്ചു.
ലെബനോനെതിരായ ഇസ്രായില്‍ ആക്രമണണത്തെ ഉച്ചകോടി അപലപിച്ചു. സംഘര്‍ഷം തുടരുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് ഉച്ചകോടി മുന്നറിയിപ്പ് നല്‍കി. ഇത് മേഖലയിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ലെബനോനിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ ഉച്ചകോടി സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും ലെബനോനില്‍ നിന്നുള്ള ഇസ്രായിലിന്റെ പിന്മാറ്റത്തിനും 1701-ാം നമ്പര്‍ രക്ഷാ സമിതി പ്രമേയം നടപ്പാക്കാനും കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവിനുമുള്ള ഒരു ചുവടുവെപ്പായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.
ലെബനീസ് ജനതയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ഗള്‍ഫ് നേതാക്കള്‍ പ്രകടിപ്പിച്ചു. ലെബനീസ് ജനത ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും, ലെബനോനിലെ വ്യത്യസ്ത കക്ഷികള്‍ തമ്മിലെ ഭിന്നതകള്‍ പരിഹരിക്കാനും, അറബ് ദേശീയ സുരക്ഷയും അറബ് സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ ലെബനോന്റെ ചരിത്രപരമായ പങ്കും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാഹോദര്യ ബന്ധവും ശക്തിപ്പെടുത്താനും രാഷ്ട്രീയ മാര്‍ഗം അവലംബിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. യെമനിലെ മുഴുവന്‍ കക്ഷികളുമായും സഹകരിച്ച് രാഷ്ട്രീയ പ്രക്രിയ പുനരുജ്ജീവിപ്പിച്ച് യെമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സൗദി അറേബ്യയും ഒമാനും നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തതായും സമാപന പ്രഖ്യാപനം പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് സൗദി സംഘം ഉച്ചകോടിയില്‍ പങ്കെടുത്തത്.