അഹമ്മദാബാദ്: ബൗളർമാർ അടികൊണ്ട് വശംകെട്ട ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാൻ റോയൽസിന് 58 റൺസിൻ്റെ നാണംകെട്ട തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശൻ്റെ (82) ബാറ്റിംഗ് മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ, രാജസ്ഥാൻ്റെ മറുപടി 19.2 ഓവറിൽ 159 റൺസിൽ അവസാനിച്ചു. അഞ്ച് മത്സരങ്ങളിൽ സഞ്ജു സാംസൺ നയിക്കുന്ന ടീമിൻ്റെ മൂന്നാം തോൽവിയാണിത്.
നാല് സ്പെഷലിസ്റ്റ് പേസർമാറുമായി കളിച്ച രാജസ്ഥാനിൽ ജോഫ്ര ആർച്ചർ ഒഴികെ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം ഏറ്റുവാങ്ങിയപ്പോൾ ടോസിൻ്റെ ആനുകൂല്യം മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. നാല് ഓവറിൽ മഹീഷ് തീക്ഷണ 54ും, തുഷാർ ദേശ്പാണ്ഡെ 53ും റൺസ് വഴങ്ങി. 31 റൺസിന് ഒരു വിക്കറ്റെടുത്ത ആർച്ചർ മാത്രമായിരുന്നു തമ്മിൽ ഭേദം. ഗുജറാത്തിന് വേണ്ടി സായ് സുദർശന് പുറമേ ജോസ് ബട്‌ലർ (36), ഷാരൂഖ് ഖാൻ (36), രാഹുൽ തേവത്തിയ (24) എന്നിവരും തിളങ്ങി.
218 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 3 ഓവർ പിന്നിടും മുമ്പ് യശസ്വി ജയ്സ്വാളിനെയും (6), നിതീഷ് റാണയെയും (1) നഷ്ടമായി. രണ്ടിന് 12 എന്ന നിലയിൽ ഒത്തു ചേർന്ന സഞ്ജു സാംസണും (41), റയാൻ പരാഗും (26) സ്കോർ 60 വരെ എത്തിച്ചെങ്കിലും വിവാദ തീരുമാനത്തിൽ പരാഗ് പുറത്തായത് തിരിച്ചടിയായി. ധ്രുവ് ജുറേലും (5) പെട്ടെന്ന് മടങ്ങി. ഷിംറോൺ ഹേറ്റ്‌മെയർക്കൊപ്പം സഞ്ജു ആക്രമണം നയിച്ചെങ്കിലും സ്കോർ 116 ലെത്തി നിൽക്കെ മലയാളി താരത്തെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ കളി ഗുജറാത്തിന് അനുകൂലമാക്കി. പിന്നീട് ഹേറ്റ്‌മെയർ (52) നടത്തിയ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്ത് കളി പിടിച്ചെടുത്തു.
പ്രസിദ്ധ് കൃഷ്ണ മൂന്നും റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
ബൗളർമാർ പ്രതീക്ഷിച്ചതിലും അധികം റൺസ് വഴങ്ങിയതും നിർണായക സമയത്ത് തൻ്റെ വിക്കറ്റ് നഷ്ടമായതും തോൽവിക്ക് കാരണമായി എന്ന് മത്സര ശേഷം സഞ്ജു സാംസൺ പറഞ്ഞു.