അഹമദാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ കമ്പനികളുടെ സ്റ്റന്റുകള്‍ ഇരട്ടി വില നല്‍കി വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കി. യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയുള്ള സ്റ്റന്റുകള്‍ വാങ്ങാനാണിത്. ജര്‍മനി, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ ഒട്ടേറെ വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മികച്ച ഗുണനിലവാരമുള്ള ഇന്ത്യന്‍ നിര്‍മ്മിത സ്റ്റന്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമായിരിക്കെയാണ് ഇരട്ടി വില നല്‍കി അമേരിക്കന്‍ കമ്പനികളുടെ സ്റ്റന്റുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ അവഗണനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശബ്ദമുയര്‍ന്നിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് അമേരിക്കന്‍ കമ്പനികളുടെ സ്റ്റന്റിന് 25000 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികളുടെ മികച്ച സ്റ്റന്റുകള്‍ക്ക് വില 12000 രൂപ മാത്രമെ വരുന്നുള്ളൂവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഈ വില നിര്‍ണയ രീതി വിവേചനപരമാണെന്നും വിപണിയില്‍ ന്യായമായ മത്സരമാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതെന്നും ഇന്ത്യന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഈ നീക്കം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ നഷ്ടപ്പെട്ട വിപണി ലാഭ സഹിതം തിരിച്ചുപിടിക്കാനുള്ള സഹായമായിട്ടാണ് കാണാനാകുക എന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ രംഗത്ത് ആഭ്യന്തര വിപണി 73 ശതമാനവും ഇന്ത്യന്‍ കമ്പനികളുടെ പക്കലാണ്. ജര്‍മനി, യുകെ, സ്‌പെയിന്‍, ഇറ്റലി, പോളണ്ട്, ഇറ്റലി, നെതല്‍ലന്‍ഡ്‌സ് തുടങ്ങി വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ രാജ്യങ്ങളിലേക്ക് അഞ്ച് ലക്ഷം സ്റ്റന്റുകളാണ് പ്രതിവര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ കയറ്റുമതി ചെയ്യുന്നത്. യുഎസ് എഫ്ഡിഎ അനുമതിയുടെ പേരില്‍ ഈ രാജ്യങ്ങളൊന്നും കൃത്രിമ വില വിവേചനം ഏര്‍പ്പെടുത്തുന്നില്ല. എന്ത് കൊണ്ട് ഇന്ത്യയില്‍ മാത്രം ഇങ്ങനെ ചെയ്യുന്നുവെന്നും ഇന്ത്യന്‍ കമ്പനികളുടെ അസോസിയേഷന്‍ മന്ത്രിക്കയച്ച കത്തില്‍ ചോദിക്കുന്നു.
മുന്‍വിധിയോടെയുള്ള ഈ നയം തുടരുകയാണെങ്കില്‍ ഇന്ത്യയിലെ സ്റ്റന്റ് നിര്‍മാതാക്കള്‍ 2000 കോടിയിലേറെ രൂപയുടെ നഷ്ടം സഹിക്കേണ്ടി വരും. കൂടാതെ ജോലികള്‍ നഷ്ടപ്പെടാനും പ്ലാന്റുകള്‍ അടച്ചുപൂട്ടാനും കാരണമായേക്കാം. മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇത്രയും കാലമായിട്ടും ഒരു അമേരിക്കന്‍ കമ്പനിയും സ്റ്റന്റ് നിര്‍മാണ യൂനിറ്റ് ഇന്ത്യയില്‍ സ്ഥാപിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ കമ്പനികളുടെ പ്ലാന്റുകല്‍ ലോകോത്തര നിലവാരത്തിലുള്ളവയാണ്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ ഈ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ലക്ഷ്യങ്ങളുമായി യോജിക്കുന്നതല്ലെന്നും ഇന്ത്യന്‍ കമ്പനികള്‍ മന്ത്രിയെ ഉണര്‍ത്തി.