കണ്ണൂർ– ഗോവിന്ദ ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ടത് സെല്ലിന്റെ ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണെന്ന് പോലീസ്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ഗോവിന്ദ ചാമിക്ക് രക്ഷപ്പെടാൻ പുറമെ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസങ്ങളിൽ ഗോവിന്ദ ചാമിയെ സന്ദർശിച്ചവരുടെ വിവരവും പോലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദ ചാമി ജയില്‍ നിന്നും രക്ഷപ്പെട്ടത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഗോവിന്ദ ചാമി ചാടിയത്. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഗോവിന്ദ ചാമി. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇയാൾക്ക് വേണ്ടി ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ ഗോവിന്ദ ചാമിയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി റദ്ദാക്കി.