ജിദ്ദ – ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയ ജനകീയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനമായ ഗൂഗിള്‍ പേ സൗദിയിലും വരുന്നു. ഇതിനുള്ള കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ഒപ്പുവച്ചു. ദേശീയ പേയ്മെന്റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിള്‍ പേ സേവനം ലഭ്യമാക്കുക. ഗൂഗിള്‍ പേ സേവനം ഈ വര്‍ഷം തന്നെ സൗദിയില്‍ നിലവില്‍വരും.
വിഷന്‍ 2030 ന് അനുസരിച്ച് സൗദിയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സേവനം നടപ്പാക്കാനുള്ള കരാര്‍ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പേയുമായി കരാർ ഒപ്പുവെച്ചത്. ഗൂഗിള്‍ പേ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്റ്റോറുകളിലും ആപ്പുകളിലും ഓണ്‍ലൈനിലും സുരക്ഷിതമായ പേയ്മെന്റുകളും വാങ്ങലുകളും നടത്താന്‍ കഴിയും.
ഗൂഗിള്‍ വാലറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് മദാ കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും എളുപ്പത്തിലും സുരക്ഷിതമായും ചേര്‍ക്കാനും കൈകാര്യം ചെയ്യാനും ഗൂഗിള്‍ പേ സേവനം സഹായിക്കും. വിപണി ആവശ്യങ്ങള്‍ നിറവേറ്റാനും സാമ്പത്തിക സാങ്കേതിക മേഖലയിലെ ഒരു മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി പരിഹാരങ്ങളുടെ ഭാഗമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് നടപ്പാക്കുന്നത്.