ന്യൂദൽഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരത്വത്തിന് അപേക്ഷിച്ച 14 പേർക്ക് ഇന്ത്യൻ സർക്കാർ പൗരത്വം അനുവദിച്ചു. അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പൗരത്വം വിതരണം ചെയ്തത്.
സിഎഎ പ്രകാരം, 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ അജയ് കുമാർ ഭല്ല ഡൽഹിയിൽ അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ഡയറക്ടർ (ഐബി), രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് 2019 ഡിസംബറിൽ സി.എ.എ നിലവിൽ വന്നത്. ഹിന്ദുക്കൾ, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം അനുവദിക്കുക. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും നാല് വർഷത്തെ കാലതാമസത്തിന് ശേഷം ഈ വർഷം മാർച്ച് 11 ന് മാത്രമാണ് ഇന്ത്യൻ പൗരത്വം അനുവദിച്ച നിയമങ്ങൾ പുറപ്പെടുവിച്ചത്.